| Sunday, 19th July 2020, 3:44 pm

നിങ്ങളുടെ ശബ്ദമല്ലെങ്കില്‍ പരിശോധനയ്ക്ക് മടിക്കുന്നതെന്തിന്; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കേന്ദ്രമന്ത്രിയെ വിടാതെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ശെഖാവത്ത് രാജിവെക്കണമെന്നും അല്ലാത്തപക്ഷം മന്ത്രിയെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അജയ് മാക്കന്‍ ആവശ്യപ്പെട്ടു.

‘ശെഖാവത്തിന്റെ ശബ്ദരേഖ പുറത്തായിട്ടുണ്ട്. ശെഖാവത്തല്ല സംഭാഷണത്തിലുള്ളതെങ്കില്‍ എന്തിനാണ് അദ്ദേഹം ശബ്ദപരിശോധനയ്ക്ക് മടിക്കുന്നത്’, അജയ് മാക്കന്‍ ചോദിച്ചു.

ഗജേന്ദ്ര ശെഖാവത്തിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരവും കേസെടുത്തു. കേന്ദ്രമന്ത്രിയുടെ അടക്കം ടെലിഫോണ്‍ ചോര്‍ത്തിയ വിഷയത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടേക്കുമെന്നാണ് വിവരം.

രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ ബി.ജെ.പിയെ കടന്നാക്രമിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തെ സംസ്ഥാനത്തെ പ്രതിസന്ധിയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയ്ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്ര ഗുഡ ആരോപിച്ചിരുന്നു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നാളുകളായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ വിവാദ ഫോണ്‍ കോളില്‍ അറസ്റ്റിലായ സഞ്ജയ് ജെയിന്‍ വസുന്ധരയുടെ വിശ്വസ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എട്ട് മാസം മുന്‍പ് സഞ്ജയ് ജെയിന്‍ എന്നെ കാണാന്‍ വന്നിരുന്നു. വസുന്ധര രാജെയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. അതുപോലെ നിരവധി പേര്‍ കാണാന്‍ വന്നിരുന്നു. എന്നാല്‍ അവരുടെ ശ്രമം വിലപ്പോയില്ല’, ഗുഡ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more