| Sunday, 3rd May 2020, 5:20 pm

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വളരെ ശക്തിയുള്ളതാണെന്ന് പ്രധാനമന്ത്രി, എന്നിട്ട് ആ പാസ്‌പോര്‍ട്ട് കൈവശമുള്ളവരോട് മോശമായി പെരുമാറുന്നു; കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ ഉടനടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉപദേശക സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വളരെ ശക്തിയുള്ളതാണെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നിട്ട് ആ പാസ്‌പോര്‍ട്ട് കൈവശമുള്ളവരോട് മോശമായി പെരുമാറുന്നതെന്ത് കൊണ്ടാണ്. വിദേശത്തുള്ള ഇന്ത്യക്കാരെ ബി.ജെ.പി പരിഗണിക്കുന്നില്ല. അവര്‍ക്ക് ഒരു ഉറപ്പും നല്‍കുന്നില്ല. ഒരു നടപടിയുമില്ലെന്നും ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

എയര്‍ ഇന്ത്യ ഉപയോഗിച്ച് വിദേശത്തുള്ളവരെ ഇന്ത്യയിലെത്തിക്കാവുന്നതാണ്. തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും അവഗണിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ വിദേശത്തുള്ളവരെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഒരുപാട് വൈകിയെന്നും ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഉണ്ടായിരുന്ന 20,000ത്തോളം വിദേശ പൗരന്മാരെ അവരുടെ നാട്ടിലെത്തിച്ചു. എന്ത് കൊണ്ട് ഈ സമീപനം ഇന്ത്യക്കാരോട് കാണിക്കുന്നില്ലെന്നും ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more