ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കാന്‍ കോണ്‍ഗ്രസ് തന്നെ സഹായിച്ചെന്നും, അതില്‍ താന്‍ കോണ്‍ഗ്രസിനോട് നന്ദിയുള്ളവനാണെന്നും പ്രധാനമന്ത്രി. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുട പരിഹാസം.
വര്‍ഷകാല സമ്മേളനത്തിലെ ആദ്യ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവേയാണ് മോദിയുടെ പരാമര്‍ശം. അവിശ്വാസപ്രമേയം കൊണ്ടുവന്നതു വഴി തങ്ങളുടെ രാഷ്ട്രീയമായ പക്വതയില്ലായ്മയും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയുമാണ് കോണ്‍ഗ്രസ് വെളിവാക്കിയിരിക്കുന്നതെന്ന് മോദി പറഞ്ഞതായി പാര്‍ലമെന്ററികാര്യ മന്ത്രി ആനന്ദ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിതിന്‍ ഗഡ്കരിയും സുഷമ സ്വരാജുമടക്കം നിരവധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ അമിത് ഷായും സംബന്ധിച്ചിരുന്നു. യോഗത്തില്‍ പ്രസംഗിച്ച അമിത് ഷായും ഉന്നം വച്ചത് കോണ്‍ഗ്രസിനെയായിരുന്നെന്ന് പാര്‍ട്ടി വക്താക്കള്‍ പറയുന്നു. രാജ്യത്ത് ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയോ ചെയ്യുമ്പോഴാണ് സാധാരണ അവിശ്വാസപ്രമേയം കൊണ്ടു വരികയെന്നും എന്നാല്‍ അത്തരമൊരു അവസ്ഥയില്ലാത്ത സമയത്ത് അതു കൊണ്ടുവന്നത് കോണ്‍ഗ്രസിന്റെ പിഴവാണെന്നും അമിത് ഷാ പറയുന്നു.
പ്രമേയത്തെ അതിജീവിച്ച ബി.ജെ.പിയും സഖ്യകക്ഷികളും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസംഗത്തെ പ്രശംസിച്ച മോദി, അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.