| Saturday, 25th May 2019, 8:19 am

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു; യു.പിയില്‍ എട്ടിടത്ത് ബി.ജെ.പിയെ സഹായിച്ചത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്ക് ജയമൊരുക്കിയത് കോണ്‍ഗ്രസിന്റെ നിലപാട്. എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരായി കോണ്‍ഗ്രസ് മത്സരിച്ചതോടെ എട്ട് മണ്ഡലങ്ങളില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകളില്‍ ഭിന്നിപ്പുണ്ടായെന്നാണ് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ തെളിയുന്ന ചിത്രം.

ബദാവുന്‍, ബാന്ദ, ബാരബംഗി, ബസ്തി, ദൗരാറ, മീററ്റ്, സെന്റ് കബീര്‍ നഗര്‍, സുല്‍ത്താന്‍പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിയെ ജയിക്കാന്‍ സഹായിച്ചത് വോട്ടിലെ ഏകീകരണമില്ലായ്മയാണ്.

ബദാവുനില്‍ എസ്.പിയുടെ ധര്‍മേന്ദ്ര യാദവ് തോറ്റത് 18494 വോട്ടിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവിടെ നേടിയത് 51896 വോട്ടാണ്. ബാന്ധയില്‍ എസ്.പി സ്ഥാനാര്‍ത്ഥി ശ്യാം ചരണ്‍ ഗുപ്ത ബി.ജെ.പിയുടെ ആര്‍.കെ സിംഗിനോട് തോറ്റത് 58938 വോട്ടിന്. ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചത് 75438 വോട്ടാണ്.

ബി.ജെ.പിയുടെ ഉപേന്ദ്രസിംഗ് റാവത്ത് എസ്.പിയിലെ രാംസാഗര്‍ റാവത്തിനെ 1,10,140 വോട്ടിന് തോല്‍പ്പിച്ച ബാരബംഗിയില്‍ കോണ്‍ഗ്രസ് നേടിയത് 1,59,611 വോട്ടാണ്. ബസ്തിയില്‍ ബി.എസ്.പിയുടെ രാംപ്രസാദ് ചൗധകി ബി.ജെ.പിയോട് പരാജയപ്പെട്ടത് 30354 വോട്ടിനാണ്. കോണ്‍ഗ്രസിന് ഇവിടെ 86920 വോട്ട് ലഭിച്ചു.

ദൗരാറയില്‍ ബി.എസ്.പിയുടെ അര്‍ഷദ് ഇല്‍ സിദ്ദീഖി ബി.ജെ.പിയോട് 160611 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് ഇവിടെ 162856 വോട്ടാണ് ലഭിച്ചത്.

മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മീററ്റില്‍ ബി.എസ്.പിയുടെ ഹാജി മുഹമ്മദ് യാക്കൂബിനെ 4729 വോട്ടിന് പരാജയപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് 34479 വോട്ട് നേടിയിരുന്നു.

സെന്റ് കബീറില്‍ എസ്.പിയെ ബി.ജെ.പി പരാജയപ്പെടുത്തിയത് 35745 വോട്ടിനാണ്. ഇവിടെ കോണ്‍ഗ്രസിന് 1,28,506 വോട്ട് ലഭിച്ചു. വോട്ടെണ്ണലില്‍ അവസാനഘട്ടം വരെ പിന്നിലായിരുന്ന മനേക ഗാന്ധിയെ സുല്‍ത്താന്‍പൂരില്‍ ജയിക്കാന്‍ സഹായിച്ചതും കോണ്‍ഗ്രസ് നേടിയ വോട്ടാണ്. വെറും 14,499 വോട്ടാണ് കേന്ദ്രമന്ത്രി കൂടിയായിരുന്നു മനേക ഗാന്ധിയുടെ ഭൂരിപക്ഷം. ഇവിടെ കോണ്‍ഗ്രസ് നേടിയത് 41468 വോട്ടാണ്.

ഉത്തര്‍പ്രദേശില്‍ 2014 ല്‍ ലഭിച്ചതിലും സീറ്റ് കുറഞ്ഞെങ്കിലും മഹാസഖ്യത്തെ നിഷ്പ്രഭമാക്കാന്‍ ബി.ജെ.പിയ്ക്കായിരുന്നു. 64 സീറ്റാണ് യു.പിയില്‍ എന്‍.ഡി.എ നേടിയത്. മഹാസഖ്യം 15 സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാനായിരുന്നെങ്കില്‍ യു.പിയില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തെ പിടിച്ചുകെട്ടാമായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more