ഡി.കെ ശിവകുമാറിന് പ്രധാന സ്ഥാനം നല്‍കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്; തീരുമാനം അടുത്ത് തന്നെ
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ മുന്‍ മന്ത്രി ഡി.കെ ശിവകുമാറിന് മുഖ്യ സ്ഥാനങ്ങളിലൊന്ന് നല്‍കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ശിവകുമാറിനെ പ്രധാന സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കലിഗ സമുദായം പാര്‍ട്ടിയോട് അടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ജനതാദള്‍ എസുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ കോണ്‍ഗ്രസുമായി അടുത്ത് നിന്നിരുന്ന വൊക്കലിഗ സമുദായം ബി.ജെ.പിയ്ക്ക് അനുകൂലമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്, അതിന് പറ്റിയ നേതാവാണ് ശിവകുമാറെന്ന് ഒരു നേതാവ് പ്രതികരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അധികാരത്തില്‍ തിരികെ വരണമെങ്കില്‍ സമുദായങ്ങളായ ലിംഗായത്തുകളുടെയും വൊക്കലിഗയുടേയും പിന്തുണ വളരെ പ്രധാനമാണ്.ലിംഗായത്തുകള്‍ കാലങ്ങളായി ബി.ജെ.പിയെയാണ് പിന്തുണക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് വൊക്കലിഗ സമുദായത്തിന്റെ പിന്തുണ നേടാനാണ് ശ്രമിക്കുന്നത്.
ഹരിയാനയില്‍ കോണ്‍ഗ്രസ് പരീക്ഷിച്ച അതേ തന്ത്രം കര്‍ണാടകയില്‍ കോണ്‍ഗ്രസ് പരീക്ഷിക്കാന്‍ ശ്രമിക്കുന്നത്. ജാട്ട് സമുദായത്തിന്റെ വോട്ട് ഭൂപീന്ദര്‍ സിംഗ് ഹൂഡയിലൂടെയും ദളിത് സമുദായത്തിന്റെ വോട്ടുകള്‍ കുമാരി ഷെല്‍ജയിലൂടെയും കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുകയാണ് ചെയ്തത്. ഇതേ തരത്തില്‍ പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ സിദ്ധരാമയ്യയിലൂടെയും ദളിത് വോട്ടുകള്‍ ജി പരമേശ്വരയ്യയിലൂടെയും മല്ലികാര്‍ജുനെ ഖാര്‍ഗെയിലൂടെയും വൊക്കലിഗ വോട്ടുകള്‍ ശിവകുമാറിലൂടെയും സ്വന്തമാക്കാം എന്നാണ് കോണ്‍ഗ്രസ് തന്ത്രം.