സ്വന്തമായി ഒരു ജില്ലാ കമ്മറ്റി ഓഫീസില്ലാത്തതിനാല്‍ ദൈനംദിന സംഘടന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നടത്തുന്ന ഒരു ജില്ല കമ്മിറ്റിയുണ്ട് കോണ്‍ഗ്രസിന്. ഉത്തര്‍പ്രദേശിലാണ് ഇത്.
ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കാണ് ജില്ലാ കമ്മിറ്റി ഓഫീസില്ലാത്തതിനാല്‍ വാട്‌സ്ആപിലൂടെ പ്രവര്‍ത്തിക്കേണ്ടി വരുന്നത്. മുന്‍ ജില്ല കോണ്‍ഗ്രസ്അദ്ധ്യക്ഷന്‍ ഭരിഗുനാഥ് ചതുര്‍വേദി പുര്‍ദില്‍പൂരില്‍ പാര്‍ട്ടി ഓഫീസ് ആരംഭിക്കുകയും 2017 വരെ ഓഫീസ് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് സയീദ് ജമാല്‍ പറഞ്ഞു.
പക്ഷെ 2017ല്‍ ഓഫീസ് ഒഴിയേണ്ടി വന്നു. ഉടമസ്ഥ പ്രശ്‌നമുണ്ടായതിനെ തുടര്‍ന്നാണ് ഓഫീസ് ഒഴിയേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ചാരചന്ദ്രപുരിയിലെ ഒരു വീട് നേതാക്കള്‍ അനൗദ്യോഗികമായി ചിലപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്.
പക്ഷെ കൂടുതല്‍ സമയവും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വാട്‌സ്ആപ്പ് വഴിയാണ്. യോഗങ്ങളൊക്കെ നടത്തുന്നതിന് വേണ്ടി കല്യാണമണ്ഡപങ്ങള്‍ വാടകക്കെടുക്കാറുണ്ടെന്ന് മറ്റൊരു നേതാവ് പറഞ്ഞു.
അടുത്ത് തന്നെ പാര്‍ട്ടിക്ക് വേണ്ടി ഓഫീസ് കണ്ടെത്തുമെന്ന് പുതുതായി നിയമിക്കപ്പെട്ട ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നിര്‍മ്മല പാസ്വാന്‍ പറഞ്ഞു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വോട്ട് ശതമാനം ഇരട്ടിയായി ഉയര്‍ത്തിയിരുന്നു.