'സി.പി.ഐ.എം ബി.ജെ.പിയുടെ പ്രധാന ഏജൻറ്' ; ജോഡോ യാത്രയിൽ പങ്കെടുത്ത സി.പി.ഐ.എമ്മിനെ വിമർശിച്ച് മമത
national news
'സി.പി.ഐ.എം ബി.ജെ.പിയുടെ പ്രധാന ഏജൻറ്' ; ജോഡോ യാത്രയിൽ പങ്കെടുത്ത സി.പി.ഐ.എമ്മിനെ വിമർശിച്ച് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2024, 8:31 am

 

കൊൽക്കത്ത: ഭാരത് ജോഡോ ന്യായ് യാത്രയിൽ ബംഗാളിലെ സി.പി.ഐ.എം നേതാക്കൾ പങ്കെടുത്തതിൽ വിമർശനവുമായി മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. സി.പി.ഐ.എം ബി.ജെ.പിയുടെ പ്രധാനപ്പെട്ട ഏജന്റാണ് എന്ന് അവർ വിശേഷിപ്പിച്ചു.

സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം അടക്കമുള്ള നേതാക്കളാണ് മുർഷിദാബാദിൽ രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ ഭാഗമായത്. വരുന്ന ലോക്സഭ ഇലക്ഷനിൽ കോൺഗ്രസും സി.പി.ഐ.എമ്മും സീറ്റ് പങ്കുവെക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

എന്നാൽ ശാന്തിപൂരിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്ത മമതാ ബാനർജി സി.പി.ഐ.എമ്മിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസിന്റെ യാത്രയിൽ പങ്കെടുക്കുന്നതിലൂടെ ബി.ജെ.പിയുടെ വിജയസാധ്യത വർധിപ്പിക്കുകയാണ് സി.പി.ഐ.എം ചെയ്യുന്നതെന്ന് അവർ ആരോപിച്ചു.

വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ‘സീറ്റ് പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ കോൺഗ്രസ് അതിൽ താത്പര്യം കാണിച്ചില്ല. കോൺഗ്രസിന് രണ്ട് സീറ്റ് കൊടുക്കാൻ എനിക്ക് സമ്മതമായിരുന്നു. പക്ഷേ അവർക്ക് അതിൽ കൂടുതൽ വേണം. ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയാണ് സി.പി.ഐ.എം കോൺഗ്രസിന് കൈ കൊടുക്കുന്നത്,’ മമത ബാനർജി പറഞ്ഞു.

‘ഞങ്ങൾ ഇവിടെ വന്നത് രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ്. അനീതിക്കെതിരെ നീതിക്കുവേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയായ ഇന്ദിരാഗാന്ധിയെ മന്ത്രവാദിയെന്നും രാജീവ് ഗാന്ധിയെ കള്ളനെന്നും വിളിച്ചത് സി.പി.ഐ.എമ്മാണന്ന്
കോൺഗ്രസ് മറന്നുപോയി എന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഖോഷ് പറഞ്ഞു.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം കോൺഗ്രസും ഒരുമിച്ചു മത്സരിച്ചിരുന്നു. യാത്ര ബംഗാളിലെ ആറ് ജില്ലകളിലൂടെ 523 കിലോമീറ്റർ ദൂരം പിന്നിട്ടു. വെള്ളിയാഴ്ചയോടെ യാത്ര ജാർഖണ്ഡിൽ പ്രവേശിക്കും.

Content Highlight: Congress has teamed up with CPI(M) to strengthen BJP in Bengal in LS polls: Mamata