ന്യൂദല്‍ഹി: പത്ത് മാസത്തെ ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് ടി.വി ചാനല്‍ ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ ഔദ്യോഗികമായി തീരുമാനിച്ച് കോണ്‍ഗ്രസ്. എങ്കിലും രണ്ട് ഇംഗ്ലീഷ്, ഹിന്ദി ചാനലുകള്‍ അവതരിപ്പിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനവും പാര്‍ട്ടി എടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് മാധ്യമ വിഭാഗം അദ്ധ്യക്ഷനായ പ്രണവ് ജാ ആണ് വാര്‍ത്താ ചാനല്‍ ചര്‍ച്ചകളിലേക്ക് പ്രതിനിധികളെ അയക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തുവെന്ന് അറിയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചാനല്‍ ചര്‍ച്ചകള്‍ ഏകപക്ഷീയമായി കഴിഞ്ഞിരുന്നു. രാജ്യം ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിഷയങ്ങളെ മാറ്റി നിര്‍ത്തി അപ്രധാനമായ വിഷയങ്ങളാണ് ചര്‍ച്ചക്കെടുത്തിരുന്നത്. അത്തരം ചര്‍ച്ചകള്‍ പ്രത്യേക താല്‍പര്യങ്ങള്‍ പ്രകാരം നടത്തുന്നതാണെന്നും വളരെ ഏകപക്ഷീയവുമായിരുന്നുവെന്നും ഞങ്ങള്‍ മനസ്സിലാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് തുല്യമായി സമയം നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പ്രണവ് ജാ പറഞ്ഞു.
‘നിലവില്‍ ഇന്ത്യന്‍ വാര്‍ത്താ ലോകത്ത് ചില ഗുണപരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മികച്ച പ്രതിനിധികള്‍ വിട്ടുനില്‍ക്കുന്നതിനാല്‍ അപ്രധാനമായ ചാനല്‍ ചര്‍ച്ചകള്‍ ചാനലുകള്‍ അവസാനിപ്പിച്ചിട്ടുണ്ട്. പല അവതാരകരും പരിപാടികള്‍ അവസാനിപ്പിച്ച് കൂടുതല്‍ വാര്‍ത്താ വിശകല പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. സ്റ്റുഡിയോകളില്‍ നിന്ന് പുറത്തിറങ്ങി ജനങ്ങളുടെ അടുത്തേക്ക് പോകാന്‍ തുടങ്ങി. ആകെ ചര്‍ച്ചകളുടെ എണ്ണം വളരെ ചുരുങ്ങി. ഈയൊരു സാഹചര്യം ഞങ്ങള്‍ മനസ്സിലാക്കുകയും പ്രതിപക്ഷത്തിന് പറയാനുള്ളത് പറയാന്‍ ഇപ്പോള്‍ കഴിയും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.’, പ്രണവ് ജാ പറഞ്ഞു.
ഈ കൊറോണ പ്രതിസന്ധിയുടെ കാലത്ത്, എല്ലാവര്‍ക്കും പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ ഒരേ പോലെ അറിയാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍പ്പിക്കുന്നതിനും കൊറോണ പ്രതിരോധത്തിലെ പ്രധാനപ്പെട്ട ആ പങ്ക് വഹിക്കുന്നതിനും വേണ്ടി ഞങ്ങള്‍ പ്രതിനിധികളെ ചാനല്‍ ചര്‍ച്ചകളിലേക്ക് അയക്കുന്നു. സര്‍ക്കാരിന്റെ നാവായി അജണ്ടകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ ഒഴികെ മറ്റെല്ലാ ചാനലിലേക്കും പ്രതിനിധികളെ അയക്കുമെന്നും പ്രണവ് ജാ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.