പ്രണബ് മുഖര്‍ജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയിട്ടില്ല; ശര്‍മിഷ്ഠയെ തള്ളി സഹോദരന്‍ അഭിജിത് മുഖര്‍ജി
national news
പ്രണബ് മുഖര്‍ജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയിട്ടില്ല; ശര്‍മിഷ്ഠയെ തള്ളി സഹോദരന്‍ അഭിജിത് മുഖര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th December 2024, 10:37 am

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠയുടെ ആരോപണം തള്ളി മകന്‍ അഭിജിത് മുഖര്‍ജി. പ്രണബ് മുഖര്‍ജി അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസ് അനാദരവ് കാണിച്ചുവെന്നായിരുന്നു ശര്‍മിഷ്ഠയുടെ ആരോപണം.

Pranab Mukherjee

എന്നാല്‍ കൊവിഡ് കാലത്തെ കടുത്ത നിയന്ത്രങ്ങള്‍ക്കിടയിലാണ് അച്ഛന്‍ മരിച്ചതെന്ന് അഭിജിത് മുഖര്‍ജി പറഞ്ഞു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആകെ 20 പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതെന്നും അഭിജിത് മുഖര്‍ജി ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അച്ഛന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലാപയാത്ര നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് നടക്കാതെ വരികയായിരുന്നുവെന്നും അഭിജിത് മുഖര്‍ജി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നതിനിടെയായിരുന്നു ശര്‍മിഷ്ഠയുടെ വിമര്‍ശനം.

മന്‍മോഹന്‍ സിങ്ങിന് പ്രവര്‍ത്തക സമിതി ചേര്‍ന്ന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രണബ് മുഖര്‍ജിക്ക് ഈ പരിഗണന ലഭിച്ചിരുന്നില്ലെന്നാണ് ശര്‍മിഷ്ഠ പറഞ്ഞത്.


അത്തരത്തില്‍ ഒരു കീഴ്‌വഴക്കമില്ലെന്നും നാല് മുന്‍ രാഷ്ട്രപതിമാര്‍ക്ക് അനുശോചനം നല്‍കിയിട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്നായിരുന്നു ശര്‍മിഷ്ഠയുടെ പ്രതികരണം. എക്സിലൂടെയാണ് ശര്‍മിഷ്ഠ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്.

അച്ഛന്റെ ഡയറികുറിപ്പ് വായിച്ചപ്പോള്‍ മുന്‍ രാഷ്ടപതി കെ.ആര്‍. നാരായണന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയതായി അറിഞ്ഞെന്നും അനുശോചന കുറിപ്പ് തയ്യാറാക്കിയത് പ്രണബ് മുഖര്‍ജിയായിരുന്നുവെന്നും ശര്‍മിഷ്ഠ പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് ശര്‍മിഷ്ഠയെ തള്ളി അഭിജിത് രംഗത്തെത്തിയത്. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗം രാജ്യത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങളില്‍ പങ്കെടുക്കാനായില്ലെന്നും വരും ദിവസങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിക്കുമെന്നും അഭിജിത് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി എയിംസിസില്‍ വെച്ചായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം.വ്യാഴാഴ്ചഎട്ട് മണിയോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

Content Highlight: Congress has not disrespected Pranab Mukherjee; Brother Abhijit Mukherjee rejected Sharmishtha