ന്യൂദല്‍ഹി: പുതിയ കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കുന്നതില്‍ തിടുക്കം കാണിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്. എല്ലാവരോടും കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ താരിഖ് അന്‍വറിന് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ക്ക് സമയമില്ലായിരുന്നുവെന്നും ഹൈക്കമാന്റ് പറഞ്ഞു.
എല്ലാ മുതിര്‍ന്ന നേതാക്കളോടും ചര്‍ച്ച ചെയ്യണമെന്നാണ് ഹൈക്കമാന്റിന്റെ നിര്‍ദേശം. കെ. സുധാകരനെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ചും നേതാക്കളുടെ അഭിപ്രായം തേടും. പാര്‍ട്ടിയെ എല്ലാ തലത്തിലും ശക്തിപ്പെടുത്തുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്റെ പേരാണ് ഇപ്പോഴും ആദ്യ പരിഗണനയില്‍ ഉള്ളത്. ഇക്കാര്യത്തില്‍ വൈകാതെ പ്രഖ്യാപനം വരും എന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ വന്നുകൊണ്ടിരുന്നത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ ആലോചന നടന്നിട്ടില്ല എന്ന കാര്യം പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് പ്രഖ്യാപനം നീട്ടാനുള്ള തീരുമാനം.