ന്യുദല്‍ഹി: കഠ്‌വ ബലാത്സംഗക്കേസില്‍ ബി.ജെ.പിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന ആവശ്യവുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴയ ട്വീറ്റുകള്‍ തിരിഞ്ഞ് കുത്തുന്നു. നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുമ്പൊ നിര്‍ഭയയെ മറക്കരുത് എന്നായിരുന്നു 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി പറഞ്ഞത്. ഈ ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
“ഒരു കുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍.. നമ്മള്‍ വിവിധ സര്‍ക്കാറുകളുടെ കാലത്തെ ബലാത്സംഗങ്ങളുടെ എണ്ണമെടുത്ത് താരതമ്യം ചെയ്യരുത്. ബലാത്സംഗം ബലാത്സംഗമാണ്. നമുക്കതിനെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും എന്നായിരുന്നു മോദി പറഞ്ഞത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ആയിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നിര്‍ഭയാ കേസില്‍ കോണ്‍ഗ്രസിനെ പ്രതികൂട്ടില്‍ നിര്‍ത്തിക്കൊണ്ട് മോദി അന്ന് പറഞ്ഞത് കോണ്‍ഗ്രസ് ദല്‍ഹിയെ ബലാത്സംഗത്തിന്റെ തലസ്ഥാനമാക്കി എന്നായിരുന്നു. ഇതാണ് ഇപ്പോള്‍ മോദിക്ക് തിരിച്ചടിയായിരിക്കുന്നത്.
മുസ്‌ലിം ബാലികയുടെ മരണത്തെതുടര്‍ന്ന് വന്‍ പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. സംഭവത്തില്‍ കാര്യമായ പ്രതികരണം നടത്താന്‍ തയ്യാറാവാതെ രാജ്യം വിട്ട പ്രധാനമന്ത്രിക്ക് ലണ്ടനിലും പ്രതിഷേധം നേരിടേണ്ടി വന്നു. കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കായി ബ്രിട്ടനിലെത്തിയ നരേന്ദ്രമോദിയെ കാത്തിരുന്നത് വന്‍ പ്രതിഷേധമായുരുന്നു. ഉന്നാവോ, കഠ്‌വ സംഭവങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെയാണ് മോദിക്കെതിരെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ലണ്ടനിലെ പാര്‍ലിമെന്റ് പരിസരത്തും ഡൗണ്‍സ്ട്രീറ്റിലും ഒത്തുകൂടിയത്.
അതേസമയം 2016ല്‍ 19,675 കുട്ടികളാണ് ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തിരുന്നു.