ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പുനപരിശോധനാ അപേക്ഷ നല്‍കും. നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്ന് 10 ദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ നടപടി.
ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനോടൊപ്പം തന്നെയാണ് കോണ്‍ഗ്രസും ഹരജി നല്‍കുന്നത്.
മോചനം ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് പാര്‍ട്ടി നേരത്തെ പ്രതികരിച്ചിരുന്നു. സുപ്രീം കോടതിയുടെ വിധി പൂര്‍ണമായും തെറ്റാണെന്നും, തീരുമാനം അംഗീകരിക്കാനാവില്ലെന്നുമായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നത്.
അതേസമയം, രാജീവ് ഗാന്ധിയുടെ പങ്കാളിയായിരുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തതിനെ നേരത്തെ പിന്തുണച്ചിരുന്നു. മകള്‍ പ്രിയങ്ക ഗാന്ധിയെും പ്രതികളിലൊരാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട് പ്രതികള്‍ക്കെതിരാണ്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍, ആര്‍.പി. രവിചന്ദ്രന്‍, റോബര്‍ട്ട് പൈസ്, ശ്രീഹരന്‍, ജയകുമാര്‍, മുരുകന്‍ എന്നീ പ്രതികളെ മോചിപ്പിക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്.
കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികമുള്ള ജയില്‍ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു. പേരറിവാളന്റെ ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 31 വര്‍ഷമായി വധക്കേസിലെ പ്രതിയായ നളിനി ശ്രീഹരനും ജയിലിലായിരുന്നു.
മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി. രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹരജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
#Breaking | Congress to file review petition challenging SC decision to release six convicts in Rajiv Gandhi assassination case
Track updates – https://t.co/1Oppdycmsz pic.twitter.com/zxMkz1nQ62
— Hindustan Times (@htTweets) November 21, 2022
ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
1991 മെയ് 21ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്‌പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
1999 മെയ് 11 ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014ല്‍ സുപ്രീം കോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജി കേന്ദ്രം 11 വര്‍ഷം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.
CONTENT HIGHLIGHT: Congress has challenged the verdict acquitting the accused in the Rajiv Gandhi assassination case in the Supreme Court