നീറ്റ് ക്രമക്കേട്; കേന്ദ്രത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
national news
നീറ്റ് ക്രമക്കേട്; കേന്ദ്രത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 9:51 pm

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതിനായി ജൂണ്‍ 21ന് രാജ്യത്തുടനീളം പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള പോരാട്ടം നമ്മുടെ എല്ലാവരുടെയും പോരാട്ടമാണ്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് വില കൊടുത്തും തങ്ങള്‍ നീതി നേടികൊടുക്കുമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം എക്സില്‍ കുറിച്ചു.

നീറ്റ് തട്ടിപ്പ് വെറും ഗ്രേസ് മാര്‍ക്കില്‍ മാത്രം ഒതുങ്ങുന്നതല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടര്‍ച്ചയായി എന്‍.ടി.എയെ സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ അധ്യക്ഷന്‍ വരുണ്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

എന്‍.ടി.എക്കെതിരെ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്‍.ടി.എക്കെതിരെയുള്ള ആരോപണങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കിയ എന്‍.ടി.എയെ രക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വരുണ്‍ വിമര്‍ശിച്ചു.

ഇതിനുപുറമെ നീറ്റ് ക്രമക്കേടില്‍ ഗുജറാത്ത് പൊലീസിനെതിരെയും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി. അഴിമതിയില്‍ ഗുജറാത്ത് പൊലീസ് നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ട്. മാര്‍ക്ക് വര്‍ധിപ്പിക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ ബാങ്ക് ചെക്കുകളാണ് ഇവയൊന്നും വരുണ്‍ ചൗധരി പറയുന്നു.

എന്‍.ടി.എയെ നിരോധിക്കണമെന്നും എന്‍.എസ്.യു.ഐ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. പരീക്ഷകളില്‍ സുതാര്യത വര്‍ധിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് 2017ല്‍ ബി.ജെ.പി സര്‍ക്കാര്‍ എന്‍.ടി.എ പ്രാബല്യത്തില്‍ വരുത്തിയത്. എന്നാല്‍ ബി.ജെ.പിയുടെ പ്രഖ്യാപനം പാളിയെന്നും വരുണ്‍ ചൗധരി ചൂണ്ടിക്കാട്ടി.

അതേസമയം ബീഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സംസ്ഥാനത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് 13 പേരെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരില്‍ നാല് പേര്‍ വിദ്യാര്‍ത്ഥികളുമാണ്. ചൊവ്വാഴ്ച നീറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചിരുന്നു. ചെറിയ പിഴവാണെങ്കില്‍ പോലും ഗൗരവത്തോടെ കാണണമെന്നാണ് എന്‍.ടി.എയോട് സുപ്രീം കോടതി പറഞ്ഞത്.

Content Highlight: Congress has called for a nationwide protest over the irregularities in the NEET exam