ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. കോണ്‍ഗ്രസ് പാര്‍ട്ടി കേവലം തമാശ പറയുന്ന ഒരു ചെറിയ പാര്‍ട്ടിയായി മാറി എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. കോര്‍പ്പറേറ്റ് സുഹ്യത്തുക്കള്‍ക്ക് വേണ്ടി കേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്ന രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം.
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമ്പാദന പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെയാണ് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്. കുത്തകകളായ സുഹൃത്തുക്കളെപ്പറ്റിയാണ് രാജ്യം സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
അതേസമയം ഒരു യുക്തിയും ധാരണയും ഇല്ലാത്ത കാര്യങ്ങളാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്ന് മുഖ്താര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ആദ്യം ദേശീയ പാര്‍ട്ടി ആയിരുന്നെങ്കില്‍ പീന്നിട് മൊഹാലാ പാര്‍ട്ടിയായി (തെരുവ് പാര്‍ട്ടി) മാറിയെന്നും, എന്നാല്‍ ഇപ്പോള്‍ ഒരു ചെറിയ പാര്‍ട്ടിയായി മാറിയെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന പരിഹാസം. കോണ്‍ഗ്രസ് തരംതാഴുവാന്‍ കാരണം ഇത്തരം താമശകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് സമയത്ത് മറ്റു രാജ്യങ്ങളില്‍ അകപ്പെട്ട എല്ലാവരെയും ജാതിയും മതവും നോക്കാതെയാണ് പ്രധാനമന്ത്രി സഹായിച്ചിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ദേശിയ ധനസമ്പാദന പൈപ്പ് ലൈന്‍ പദ്ധതി. റോഡ്, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്. നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. ബജറ്റില്‍ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തിവില്‍പനയുടെ 14 ശതമാനം വരുന്നതാണിവ.