ന്യൂദല്‍ഹി: നഷ്ടപ്പെട്ട ഇടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ദല്‍ഹി കോണ്‍ഗ്രസ്. പല തരത്തിലുള്ള വഴികളാണ് നിയമസഭ തെരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. അതിലൊരു വഴിയാണ് ഗുജറാത്തില്‍ നിന്നുള്ള നേതാക്കളെ പ്രചരണത്തിനിറക്കുക എന്നത്.
ഗുജറാത്ത് മോഡല്‍ എന്ന ബി.ജെ.പി വാഗ്ദാനത്തെ പൊളിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഗുജറാത്ത് നേതാക്കളെ പ്രചരണത്തിനെത്തിക്കുന്നത്. 30ലധികം നേതാക്കളാണ് ഗുജറാത്തില്‍ നിന്ന് ദല്‍ഹിയിലെത്തുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗുജറാത്ത് മോഡല്‍ എന്ന് ബി.ജെ.പി ആഘോഷിക്കുന്ന മോഡല്‍ യഥാര്‍ത്ഥത്തിലുള്ളതല്ല എന്ന കോണ്‍ഗ്രസ് വാദത്തെ അവതരിപ്പിക്കലാണ് ഈ നേതാക്കളുടെ ഉത്തരവാദിത്വം. ഗുജറാത്തില്‍ നിന്നുള്ളവര്‍ കൂടുതലായുള്ള മണ്ഡലങ്ങളിലാണ് ഇവര്‍ പ്രചരണം നടത്തുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആംആദ്മി പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും വ്യത്യസ്തമായി വലിയ നേതാക്കളെ രംഗത്തിറക്കാതെ ഓരോ മണ്ഡലത്തിനും അനുയോജ്യമായ തരത്തിലുള്ള പ്രചരണമാണ് കോണ്‍ഗ്രസ് നടപ്പിലാക്കുന്നത്. ഇത് ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
പുതുമുഖങ്ങളെയാണ് ഇക്കുറി കോണ്‍ഗ്രസ് കൂടുതലായി രംഗത്തിറക്കിയിട്ടുള്ളത്. പഴയ നേതാക്കളോടുള്ള ജനരോഷം ബാധിക്കാതിരിക്കാനാണ് ഈ നീക്കം. അത് കൊണ്ട് തന്നെ മത്സരിക്കുന്ന മുതിര്‍ന്ന നേതാക്കളുടെ എണ്ണം വിരളമാണ്.
ജാര്‍ഖണ്ഡിലും ഹരിയാനയിലും നടപ്പാക്കിയത് പോലെ സംസ്ഥാനത്തെ മാത്രം കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചരണം. ബി.ജെ.പി ദേശീയ വിഷയങ്ങളെ പ്രചരണത്തിലേക്ക് കൊണ്ട് വരുമ്പോള്‍ അതിനോട് പ്രതികരിക്കാതെ പ്രാദേശിക വിഷയങ്ങളിലാണ് കോണ്‍ഗ്രസ് ഊന്നുന്നത്. അതേ പോലെ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ നേട്ടങ്ങളിലും.