ജയ്പൂര്‍: വിവാദമായിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥ് പിന്‍വലിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് പ്രമേയം പാസാക്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
സര്‍ക്കാരിലെ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സാണ് ശനിയാഴ്ച പ്രമേയം പാസാക്കിയത്.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജയ്പൂരിലെ വസതിയില്‍ വെച്ച് നടന്ന മീറ്റിങ്ങില്‍ വെച്ചാണ് പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേന്ദ്രം അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി പ്രഖ്യാപിച്ചത്. 17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ചേര്‍ക്കാനുള്ള പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.
പെന്‍ഷന്‍ പോലുമില്ലാതെ ഇവരെ നാല് വര്‍ഷത്തിന് ശേഷം പിരിച്ചുവിടാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട് ആയിരക്കണക്കിന് യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്.
”പദ്ധതിയിലെ വിവിധ പ്രൊവിഷനുകളെ ചോദ്യം ചെയ്തുകൊണ്ട് വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. പദ്ധതി നിരവധി സംശയങ്ങളാണ് യുവാക്കള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്,” രാജസ്ഥാന്‍ സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് രാജ്യത്ത് 234 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ 300ലധികം ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ട്.
കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 234 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കിയതിന് പുറമെ 93 ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. 11 ട്രെയിനുകളെ പ്രതിഷേധം മുന്‍നിര്‍ത്തി വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു.
പ്രതിഷേധം ശക്തമായതോടെ ബീഹാറിലെ 18 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിച്ഛേദിച്ചു.
Content Highlight: Congress government in Rajasthan passes Resolution asking withdrawal of Agnipath Scheme