| Friday, 18th March 2022, 3:31 pm

സില്‍വര്‍ ലൈന്‍ സമരത്തിന്റെ പുതിയ അധ്യായം തുടങ്ങി; പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സില്‍വര്‍ ലൈന്‍ സമരത്തിന്റെ പുതിയ അധ്യായം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ചെങ്ങന്നൂരില്‍ നടക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എല്ലാ സമരസ്ഥലത്തും യു.ഡി.എഫ് നേതാക്കള്‍ ഉണ്ടാകും. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റില്ല. അതിനെ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി. കേരളം മുഴുവന്‍ ഇതുപോലുള്ള സമരം ആവര്‍ത്തിക്കാന്‍ പോവുകയാണ്, ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇതെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. കെ റെയില്‍ കല്ലിടലിനെതിരെ കോഴിക്കോടും പ്രതിഷേധം നടന്നിരുന്നു.

സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പുരുഷ പൊലീസുകാര്‍ ലാത്തികൊണ്ട് കുത്തിയെന്ന് സ്ത്രീകള്‍ ആരോപിച്ചു.

വെടിവെച്ച് കൊന്നാലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയിലിന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. സ്ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.


Content Highlights: Congress going to start strike on K Rail

We use cookies to give you the best possible experience. Learn more