| Friday, 23rd March 2018, 6:43 pm

'മന്ത്രിസഭയില്‍ വിശ്വാസമില്ല'; കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസും നോട്ടീസ് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലുങ്ക് ദേശം പാര്‍ട്ടിക്കും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസും. ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 27നുള്ള ലോക്‌സഭ നടപടികളില്‍ അവിശ്വാസ പ്രമേയം കൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസും എന്‍.ഡി.എ വിട്ട് പുറത്ത് വന്ന തെലുങ്ക് ദേശം പാര്‍ട്ടിയും നേരത്തെ തന്നെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സി.പി.ഐ.എം, എ.ഐ.ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണിത്.


Read Also: ഉടുമ്പിറങ്ങി മലയിലെ ഖനനം; സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട് ?    


നോട്ടീസ് അനുമതിക്ക് കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് ലോക്സഭയില്‍ 48 എം.പിമാരുണ്ട്. ടി.ഡി.പിക്ക് 16 എം.പിമാരും. എ.ഐ.ഡി.എം.കെയ്ക്ക് 37, വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും 9 വീതം, എ.ഐ.എം.ഐ.എമ്മിന് ഒന്ന് എന്നിങ്ങനെയാണ് അംഗബലം.

അതേസമയം, പ്രതിപക്ഷ കക്ഷികള്‍ മുഴുവന്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ബി.ജെ.പിക്ക് ലോക്സഭയിലുണ്ട്. എന്നാല്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുന്നത് ഭാവിയില്‍ ബി.ജെ.പിയുടെ മുന്നേറ്റങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തും.

We use cookies to give you the best possible experience. Learn more