എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ മാറ്റി. പേഴ്‌സണ്‍ സെക്രട്ടറിയായിരുന്ന നീരജ് ശ്രീവാസ്തവയെ ആണ് മാറ്റിയത്. നീരജിന് പകരം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന സന്ദീപ് സിങിനെയാണ് പകരം നിയോഗിക്കാന്‍ പോകുന്നത്. നിലവില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ് മുന്‍ കമ്മ്യൂണിസ്റ്റുകാരനായ സന്ദീപ്.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സന്ദീപ് അലഹബാദിലെ ബിരുദപഠനത്തിന് ശേഷമാണ് ജെഎന്‍യുവിലെത്തുന്നത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഐസയോടായിരുന്നു സന്ദീപിന് താല്‍പര്യം. തുടര്‍ന്നങ്ങോട്ട് ഐസയുടെ കരുത്തുറ്റ നേതാവുമായി. വിട്ടുകൊടുക്കാത്ത സ്വഭാവവും വാക്ചാതുര്യവും തീപ്പൊരി പ്രസംഗവും കൈമുതലായിരുന്ന സന്ദീപ് 2007ല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
2005ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ് ജെഎന്‍യു സന്ദര്‍ശിക്കവെയായിരുന്നു സന്ദീപിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘത്തിന്റെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച കേസിലെ പ്രതിയായിരുന്നു സന്ദീപ് സിങെന്ന വിദ്യാര്‍ത്ഥി നേതാവ്.
ജെഎന്‍യു പഠനത്തിന് ശേഷം ഇടത് രാഷ്ട്രീയത്തില്‍നിന്നും പിന്‍വാങ്ങിയ സന്ദീപ് അണ്ണാ ഹസാരെയ്ക്കും അരവിന്ദ് കെജ്രിവാളിനുമൊപ്പം ലോക്പാല്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്ത് വ്യക്തമാക്കുന്നു. ഇതില്‍നിന്നും വിട്ടശേഷമാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് അടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷന് പ്രസംഗം എഴുതിക്കൊടുത്ത് കോണ്‍ഗ്രസില്‍ ഹരിശ്രീ കുറിച്ച സന്ദീപ് വളരെപെട്ടന്നുതന്നെ പാര്‍ട്ടിയുടെ നയതന്ത്രജ്ഞനോളം വളര്‍ന്നു. പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ നയം രൂപീകരിക്കാന്‍പോന്ന രാഷ്ട്രീയ ഉപദേശകനായി.കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മന്‍മോഹനെ കരിങ്കൊടി കാണിച്ചതില്‍ സന്ദീപ് ഖേദപ്രകടനവും നടത്തി.