ന്യൂദല്‍ഹി: രാജ്യസഭാ സീറ്റിലേക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. രാജസ്ഥാനില്‍നിന്നാണ് കെ.സി വേണുഗോപാല്‍ മത്സരിക്കുന്നത്.
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ ബി.ജെ.പി രാജസ്ഥാന്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിടുന്നെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ദേശീയ തലത്തില്‍ ശക്തനായ നേതാവിനെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് സൂചന.
പാര്‍ട്ടിയിലെ ട്രബിള്‍ ഷൂട്ടറായാണ് വേണുഗോപാല്‍ അറിയപ്പെടുന്നത്. കെ.സി വേണുഗോപാല്‍ തെരഞ്ഞെടുപ്പുകളിലേക്ക് ഇല്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് വേണുഗോപാലിന്റെ പേര് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിശ്വസ്തനാണ് വേണുഗോപാല്‍.
മഹാരാഷ്ട്രയിലടക്കം പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോള്‍ വേണുഗോപാല്‍ അടക്കമുള്ള ദേശീയ നേതാക്കളാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്. കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സഖ്യ ചര്‍ച്ചകളിലും വേണുഗോപാല്‍ സജീവമായിരുന്നു.