ന്യൂദല്‍ഹി: കര്‍ണാടകയില്‍ ഒ.ബി.സി സംവരണം കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്ക് നല്‍കിയെന്നും ഹരിയാനയില്‍ അതിന് അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒ.ബി.സി സംവരണം മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ നടന്ന പരിപാടിയിലാണ് അമിത് ഷായുടെ പരാമര്‍ശം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം തട്ടിയെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കി. അവര്‍ ഇവിടെ അധികാരത്തില്‍ വന്നാല്‍ അത് തന്നെ സംഭവിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി ഹരിയാനയില്‍ അധികാരത്തിലെത്തിയാല്‍ മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതായും പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു.
‘ഹരിയാനയില്‍ അധികാരത്തിലെത്തിയാല്‍ മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ബി.ജെ.പി അനുവദിക്കില്ല. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും. ഹരിയാനയില്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും,’ അമിത് ഷാ പറഞ്ഞു. അതിന് പിന്നോക്ക വിഭാഗക്കാര്‍ ബി.ജെ.പിക്ക് വോട്ട് നല്‍കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം അവസാനം ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുസ്‌ലിങ്ങളെ പരാമര്‍ശിച്ചുകൊണ്ടുള്ള വിദ്വേഷ പ്രസ്താവനകള്‍ അമിത് ഷാ വീണ്ടും ആവര്‍ത്തിക്കുന്നത്.
2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ തന്റെ സര്‍ക്കാര്‍ ദളിതര്‍ക്കും ദരിദ്രര്‍ക്കും പിന്നോക്ക വിഭാഗക്കാരുടെയുമാണെന്ന് മോദി പറഞ്ഞിരുന്നതായും അമിത് ഷാ പറഞ്ഞു.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും മുസ്‌ലിങ്ങളെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു.
Content Highlight: Congress gave OBC quota to Muslims in Karnataka: Amit Shah in Haryana