കല്‍പ്പറ്റ: അയോഗ്യത നീങ്ങിയതിന് ശേഷം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി എം.പിക്ക് വലിയ സ്വീകരണം നല്‍കി കോണ്‍ഗ്രസ്. വൈകീട്ട് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്. വലിയ ജനക്കൂട്ടമാണ് രാഹുലിനെ സ്വീകരിക്കാന്‍ കല്‍പ്പറ്റയിലെത്തിയത്.
എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുകയെയാള്ളുവെന്ന് പൊതു യോഗത്തില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാടെന്നും, വയനാട്ടിലെ ജനങ്ങള്‍ സ്‌നേഹം തന്ന് തന്നെ സംരക്ഷിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ന് ഞാന്‍ എന്റെ കുടുംബത്തിലേക്കാണ് മടങ്ങിവന്നിരിക്കുന്നത്. നമ്മുടെ കുടുംബത്തിലെ സഹോദരങ്ങളെ വേര്‍പിരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിന് കഴിയുമോ, ഇല്ല. ഒരു പിതാവിനെ മകളില്‍ നിന്ന് വേര്‍തിരിക്കാന്‍ ആരെങ്കിലും ശ്രമിച്ചുവെന്ന് വിചാരിക്കൂ, അങ്ങനെ ആയാല്‍ അവര്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയല്ലേയുള്ളു. അതുപോലെയാണ് വയനാടുമായുള്ള എന്റെ ബന്ധം.
നമ്മുടെ കുടുംബത്തിന്റെ ബന്ധമെന്താണെന്നുള്ള അറിവ് ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ഇല്ല. അവരെന്നെ അയോഗ്യരാക്കുമ്പോള്‍ വയനാടുമായുള്ള എന്റെ ബന്ധം വര്‍ധിക്കുകയേയുള്ളു. പ്രയാസഘട്ടത്തില്‍ വയനാട്ടുകാരുടെ സ്‌നേഹവും അടുപ്പവും ഞാനറിഞ്ഞു. നൂറ് തവണ അയോഗ്യനാക്കിയാലും വയനാടുമായുള്ള എന്റെ ബന്ധം വര്‍ധിക്കുകയേയുള്ളു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും സ്വീകരണ ചടങ്ങില്‍ നിര്‍വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ദല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്കാണ് രാഹുല്‍ എത്തിയത്. അവിടെ നിന്ന് റോഡ് മാര്‍ഗമാകും കല്‍പറ്റയിലെത്തുകയായിരുന്നു. 13ന് വയനാട്ടിലും കോടഞ്ചേരിയിലും നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത് 13ന് രാത്രി ദല്‍ഹിക്ക് തിരിച്ചുപോകും.
Content Highlight: Congress gave grand welcome to MP Rahul Gandhi who came to Wayanad after leave his disqualification