അടിയന്തരാവസ്ഥക്കാലത്തെ മനസ്ഥിതിയില്‍ നിന്നും കോണ്‍ഗ്രസ്സ് അല്പം പോലും മാറിയിട്ടില്ലെന്ന് പ്രധാനമന്ത്രി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടിയന്തരാവസ്ഥയെ പിന്താങ്ങിയവരെന്ന് ജയ്റ്റ്‌ലി
National
അടിയന്തരാവസ്ഥക്കാലത്തെ മനസ്ഥിതിയില്‍ നിന്നും കോണ്‍ഗ്രസ്സ് അല്പം പോലും മാറിയിട്ടില്ലെന്ന് പ്രധാനമന്ത്രി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടിയന്തരാവസ്ഥയെ പിന്താങ്ങിയവരെന്ന് ജയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th June 2018, 10:54 am

മുംബൈ: അടിയന്തരാവസ്ഥക്കാലത്തേതില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ മാനസികാവസ്ഥ അല്പം പോലും മാറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജുഡീഷ്യറിയടക്കം എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും അവമതിച്ച അടിയന്തരാവസ്ഥയുടെ “കരിദിന”ങ്ങളെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം നടത്താനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങളെയും താരതമ്യപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവര്‍ക്കുള്ള ആദരമറിയിക്കാന്‍ 43ാം വാര്‍ഷികത്തില്‍ ചേര്‍ന്ന ബി.ജെ.പി യോഗത്തില്‍ സംസാരിക്കവേയാണ് മോദി ഗാന്ധി കുടുംബത്തെ പേരെടുത്തു പരാമര്‍ശിക്കാതെ വിമര്‍ശിച്ചത്.

“ഭരണഘടനയെക്കുറിച്ച് ഇത്രയധികം ആദരവോടെ സംസാരിക്കാറുള്ള ഒരു കുടുംബം തങ്ങളുടെ അധികാരമോഹം കാരണം രാജ്യത്തെയാകെ കാരാഗൃഹമാക്കി മാറ്റുകയും, എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരെയും അഴികള്‍ക്കുള്ളില്‍ തളച്ചിടുകയും ചെയ്യുമെന്ന് ആരാണ് പ്രതീക്ഷിച്ചിരിക്കുക?”


Also Read: മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്രവിലക്ക്; ട്രംപിന് അനുകൂലമായി കോടതി വിധി


“ഇത് ചെയ്തതാകട്ടെ, ഭരണഘടനയ്ക്ക് അധീനമായ രീതിയിലും. രാജ്യത്തിന്റെ ഭരണഘടനയെ എങ്ങിനെ ദുരുപയോഗം ചെയ്യാമെന്നും, ഒരു കുടുംബത്തിന്റെ മാത്രം ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റി മറയ്ക്കാമെന്നും കാണിക്കുന്ന മികച്ച ഉദാഹരണമാണിത്.” മോദി പറയുന്നു.

ഒരിക്കല്‍ നീതിന്യായ വ്യവസ്ഥയെ വിലകുറച്ചു കണ്ടവര്‍ പില്‍ക്കാലത്ത് തങ്ങള്‍ക്കെതിരെ അതേ വ്യവസ്ഥ പ്രകാരം അഴിമതിക്കേസുകള്‍ വരുമെന്നും, വ്യവസ്ഥ അനുവദിക്കുന്ന പ്രകാരം ജാമ്യത്തിന് അപേക്ഷിക്കേണ്ടി വരുമെന്നും കരുതിക്കാണില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ഹെറാള്‍ഡ് കേസിനെ പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

“ഇതിനെന്താണ് പരിഹാരം? ഇംപീച്ചമെന്റ് നീക്കം വഴി ജുഡീഷ്യറിയെ ഭയപ്പെടുത്തുക എന്നതു തന്നെ. അതുകൊണ്ടാണ് പാര്‍ലമെന്റ് വഴി അത്തരമൊരു നീക്കം നടന്നത്. അടിയന്തരാവസ്ഥക്കാലത്തായാലും, ഇപ്പോഴത്തെ ഇംപീച്ച്‌മെന്റ് ശ്രമത്തിലായാലും, കോണ്‍ഗ്രസ്സിന്റെ മാനസികാവസ്ഥ ഒന്നുതന്നെയാണ്.” മോദി ആരോപിച്ചു.


Also Read: “മുസ്‌ലിങ്ങളുടെ കഴുത്തറുക്കണം”; മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ ജയില്‍ ശിക്ഷ


അധികാരം കൈവിട്ടു പോകുകയാണെന്നു തോന്നുമ്പോഴൊക്കെ രാജ്യം അപകടത്തിലാണെന്നും തങ്ങള്‍ക്കു മാത്രമാണ് ജനങ്ങളെ ഇതില്‍ ഈ ഭയത്തില്‍ നിന്നും രക്ഷിക്കാനാവുക എന്നും പറഞ്ഞു പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്സിന്റെയും, കോണ്‍ഗ്രസ്സിനെ ഭരിക്കുന്ന കുടുംബത്തിന്റെയും പതിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ, അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി എഴുതുന്ന മൂന്നു ഭാഗങ്ങളുള്ള കുറിപ്പിലെ അവസാനത്തെ ഭാഗവും പുറത്തു വന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമരത്തെയാണ് മൂന്നാം ഭാഗത്തില്‍ ജയ്റ്റ്‌ലി ചോദ്യം ചെയ്യുന്നത്. സി.പി.ഐ അടിയന്തരാവസ്ഥയെ നിര്‍ലജ്ജം പിന്താങ്ങിയിരുന്നുവെന്നാണ് ജയ്റ്റ്‌ലിയുടെ പ്രസ്താവന. ആശയപരമായി എതിര്‍ത്തിരുന്നെങ്കിലും, സി.പി.ഐ.എം അടിയന്തരാവസ്ഥയ്‌ക്കെതിരായി ഒന്നും ചെയ്തിരുന്നില്ലെന്നും ജയ്റ്റ്‌ലി ആരോപിക്കുന്നുണ്ട്.

എന്നാല്‍, ആദ്യഘട്ടത്തില്‍ അടിയന്തരാവസ്ഥയെ പിന്താങ്ങിയിരുന്നെങ്കിലും, സഞ്ജയ് ഗാന്ധിയെപ്പറ്റി കൂടുതല്‍ ബോധ്യം വന്നപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നിലപാടിനെ തങ്ങള്‍ അപലപിച്ചിരുന്നുവെന്നും പ്രതിഷേധിച്ചിരുന്നുവെന്നും ജയ്റ്റ്‌ലിയുടെ പ്രസ്താവനയോടു പ്രതികരിച്ചുകൊണ്ട് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.


Also Read: കാസര്‍കോട് കാണാതായ 11 പേര്‍ ഐ.എസ്.ഐ.എസില്‍ ചേര്‍ന്നതായി അഭ്യൂഹങ്ങള്‍: യെമനിലെത്തിയതായി അറിയിക്കുന്ന ശബ്ദരേഖ പുറത്ത്


തങ്ങള്‍ക്കെതിരായ പരാമര്‍ശത്തോട് സി.പി.ഐ.എം നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. “അരുണ്‍ ജയ്റ്റലി 30 വര്‍ഷം പഴക്കമുള്ള ചരിത്രം മാറ്റാനാണ് ശ്രമിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് സി.പി.ഐ.എം നടത്തിയ പ്രക്ഷോഭങ്ങള്‍ അദ്ദേഹം മനഃപൂര്‍വ്വം മറക്കുകയാണ്. സി.പി.ഐ.എം നേതാക്കളാണ് ആദ്യം അറസ്റ്റു ചെയ്യപ്പെട്ടത്. ആര്‍.എസ്.എസ് നേതാക്കളാകട്ടെ, ദയ യാചിച്ച് ജയിലിനു പുറത്തിറങ്ങുകയായിരുന്നു.” സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.