| Wednesday, 6th November 2024, 9:24 am

സൂറത്തിലെ വജ്ര തൊഴിലാളികളുടെ സ്ഥിതി ഗുരുതരം, സർക്കാർ ഉടനടി നടപടിയെടുക്കണം: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സൂറത്തിലെ വജ്ര തൊഴിലാളികളുടെ പ്രശ്‌നത്തിൽ പരിഹാരം കാണാൻ സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ്. സൂറത്തിൽ കഴിഞ്ഞ 18 മാസത്തിനുള്ളിൽ 71 വജ്ര തൊഴിലാളികൾ ആത്മഹത്യ ചെയ്ത പ്രശ്നം കോൺഗ്രസ് സർക്കാരിന് മുന്നിൽ എടുത്തുപറയുകയും വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് അവരെ സംരക്ഷിക്കാൻ സാമ്പത്തിക സഹായം നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.

തൊഴിൽ നഷ്ടവും ഫാക്ടറി അടച്ചുപൂട്ടലും സൂറത്തിലെ വജ്രത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നും അതിൻ്റെ ഫലമായി 18 മാസത്തിനിടെ 71 ആത്മഹത്യകൾ ഉണ്ടായെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഒരു മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് എക്സ് പോസ്റ്റിൽ പറഞ്ഞു.

‘കഴിഞ്ഞ 18 മാസത്തിനുള്ളിൽ, കുറഞ്ഞത് 71 വജ്ര തൊഴിലാളികൾ സൂറത്തിൽ ജീവനൊടുക്കി. ലോകത്തിലെ ഏറ്റവും വലിയ വജ്രവ്യാപാര കേന്ദ്രങ്ങളിലൊന്നായ സൂറത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. അത് നശിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തണം.

ഈ വജ്രത്തൊഴിലാളികൾ സ്ഥിരവും രജിസ്റ്റർ ചെയ്തതുമായ ജീവനക്കാരല്ല, അതിനാൽ അവരെക്കുറിച്ചുള്ള വിവരങ്ങളോ അവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളോ സർക്കാരിന് ഇല്ല. ഈ തൊഴിലാളികളെ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുകയും അവർക്കായി സാമ്പത്തിക സഹായങ്ങൾ നൽകുകയും വേണം,’ ജയറാം രമേശ് പറഞ്ഞു.

സൂറത്തിൽ കഴിഞ്ഞ 18 മാസത്തിനിടെ 71 വജ്ര തൊഴിലാളികൾ ആത്മഹത്യ ചെയ്തുവെന്ന് ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് (DWUG) അറിയിച്ചു. ഇതിൽ 45 കേസുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതും 31 എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. സാമ്പത്തിക അസ്ഥിരതയും തൊഴിലില്ലായ്മയുമാണ് സൂറത്തിലെ ആത്മഹത്യകളുടെ പ്രധാന കാരണങ്ങൾ.

‘ഈ ആത്മഹത്യകൾ വർധിച്ചപ്പോൾ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ഗുജറാത്ത് തൊഴിൽ മന്ത്രിക്ക് കത്തയച്ചു. എന്നാൽ സർക്കാർ അനങ്ങിയില്ല,’ ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് വൈസ് പ്രസിഡൻ്റ് ഭവേഷ് ടാങ്ക് പറഞ്ഞു.

ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് പറയുന്നതനുസരിച്ച്, സൂറത്തിൽ എട്ട് മുതൽ പത്ത് ലക്ഷം വരെ വജ്ര തൊഴിലാളികളും ഗുജറാത്തിൽ മൊത്തത്തിൽ 25 ലക്ഷത്തോളം തൊഴിലാളികളുമുണ്ട്. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും ശമ്പളപ്പട്ടികയിൽ സ്ഥിരമോ രജിസ്റ്റർ ചെയ്തതോ ആയ ജീവനക്കാരല്ല.

Content Highlight: Congress flags suicides by diamond workers in Surat, says govt must protect them from vagaries of market

We use cookies to give you the best possible experience. Learn more