| Tuesday, 8th October 2024, 1:17 pm

എന്തുകൊണ്ട് ഹരിയാനയിലെ ഫലം വൈകുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചത്തീസ്ഗണ്ഡ്: ഹരിയാനയിലെ ഫലപ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഫലം പുറത്തുവിടുന്നത് വൈകിപ്പിക്കുന്നെന്നും കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ മന്ദഗതിയുണ്ടെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

കഴിഞ്ഞ രണ്ട് മണിക്കൂറുകളിലായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ കമ്മീഷനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായി ഈ തെരഞ്ഞെടുപ്പിലും ഫലം അപ്‌ലോഡ് ചെയ്യുന്നതില്‍ കമ്മീഷന്‍ മന്ദഗതി പാലിക്കുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നു.

എന്നാല്‍ തോല്‍ക്കാനുള്ള സാധ്യത കാണുമ്പോള്‍ വോട്ടിങ് മെഷീനിനെയും കുറ്റം പറയുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം ശൈലിയാണെന്നാണ് ബി.ജെ.പി യുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ജാതി സെന്‍സസ് ബൂമറാങ്ങായെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

അതേസമയം നിലവില്‍ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം. പോളിങ് ആരംഭിച്ചപ്പോള്‍ മുന്നില്‍ നിന്ന കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 90ല്‍ 47 സീറ്റുകളുമായി ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് നിലവില്‍ 36 സീറ്റുകളാണുള്ളത്. സര്‍ക്കാര്‍ രൂപികരീക്കാന്‍ 46 സീറ്റുകളാണ് ആവശ്യം. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ചെറുകക്ഷികളും ഏഴോളം സീറ്റുകളിലാണ് ലീഡ് നിലനിര്‍ത്തുന്നത്.

സംസ്ഥാനത്ത് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്ന ഫലങ്ങളാണ് നിലവിലേത്. കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് നിലവിലെ ഫലം വരുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് കോണ്‍ഗ്രസ് മുന്നിട്ട് നിന്നതിനെത്തുടര്‍ന്ന് ഹരിയാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീടത് നിര്‍ത്തിവെക്കുകയായിരുന്നു.

Content Highlight: Congress filed complaint to election commission in haryana election

We use cookies to give you the best possible experience. Learn more