വിദ്യാഭ്യാസ യോഗ്യത; തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച സ്മൃതി ഇറാനിക്കെതിരെ കേസ് നല്‍കി കോണ്‍ഗ്രസ്
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിക്കെതിരെ കേസ് നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ലക്‌നൗവിലെ മൈനോറിറ്റി സെല്‍ അധ്യക്ഷന്‍ തൗഹീദ് സിദ്ദിഖ് നജ്മിയാണ് സ്മൃതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കിയത്.
2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവര്‍ ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷം നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ ബിരുദം പൂര്‍ത്തിത്തിയാക്കിയിട്ടില്ലെന്നും ബി.കോമിന്റെ ഒന്നാം ഘട്ട ബിരുദം മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും പറയുന്നു. അവരുടെ ബിരുദം എവിടെപ്പോയി. പരാതിയില്‍ നജ്മി പറയുന്നു.
സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നും, കള്ള രേഖയുണ്ടാക്കിയതിന് പൊലീസ് അവര്‍ക്കെതിരെ കേസെടുക്കണം എന്നും നജ്മി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഏറെ വിവാദങ്ങള്‍ വരുത്തി വെച്ച സ്മൃതി 1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 ല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് സ്മൃതി തന്റെ പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 1994-ല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ നിന്ന് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, താന്‍ ദല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസംവഴി 1996-ല്‍ ബി.എ പൂര്‍ത്തിയാക്കിയെന്നാണ് സമൃതി പറഞ്ഞിരുന്നത്. കൂടാതെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയെന്നും അവകാശപ്പെട്ടിരുന്നു.
എന്നാല്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ, ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ല്‍ കോമേഴ്സ് ബിരുദത്തിന്റെ ഒന്നാം പാര്‍ട്ട്, അഥവാ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയെന്നായിരുന്നു കാണിച്ചിരുന്നത്.