| Sunday, 15th October 2023, 1:22 pm

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനെതിരെ 'രാമായണ നടനെ' രംഗത്തിറക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ തെരഞ്ഞെടുപ്പില്‍ ‘രാമായണ നടന്‍’ വിക്രം മസ്തലിനെ രംഗത്തിറക്കി കോണ്‍ഗ്രസ്. ആനന്ദ് സാഗറിന്റെ 2008ല്‍ പുറത്തിറങ്ങിയ രാമായണം ടെലിസീരിയലിലെ ഹനുമാന്‍ കഥാപാത്രത്തിലൂടെയാണ് മസ്തല്‍ ജനപ്രിയനാകുന്നത്. ഇരുവരും ബുധ്‌നി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.

ഈ വര്‍ഷം ജൂലൈയിലാണ് മസ്തല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നടന്റെ പാര്‍ട്ടി പ്രവേശന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് പങ്കെടുത്തിരുന്നു. മസ്തലിന്റെ കന്നി തെരഞ്ഞെടുപ്പാണിത്.

മധ്യപ്രദേശ് തെരഞ്ഞടുപ്പിനുള്ള 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടിരുന്നു. ഇതിലാണ് മസ്തലിന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.

ഒക്ടോബര്‍ ഒമ്പതിന് ബി.ജെ.പി പുറത്ത് വിട്ട പട്ടികയില്‍ ശിവരാജ് സിങ് ചൗഹാന്‍ ബുധ്നിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബുധ്‌നി ചൗഹാന്റെ കോട്ടയാണ്. 2018 ഇലക്ഷനില്‍ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ യാദവിനെ 58,999 വോട്ടുകള്‍ക്ക് ചൗഹാന്‍ തോല്‍പിച്ചിരുന്നു.

നിലവില്‍ ശിവരാജ് സിങ് ചൗഹാന്റെ നേത്യത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറാണ് മധ്യപ്രദേശ് ഭരിക്കുന്നത്. 2020ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നതിന് ശേഷമാണ് ബി.ജെ.പി അധികാരത്തില്‍ വന്നത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നവംബര്‍ 17ന് നടക്കും. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.

content highlight:  Congress fields ‘Ramayan actor’ Vikram Mastal against Shivaraj singh Chouhan

We use cookies to give you the best possible experience. Learn more