| Monday, 8th April 2019, 10:15 pm

കീര്‍ത്തി ആസാദിനെ കോണ്‍ഗ്രസ് ധന്‍ബാദ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കീര്‍ത്തി ആസാദിനെ ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ബീഹാറിലെ ധര്‍ബംഗ മണ്ഡലത്തില്‍ ബി.ജെ.പി എം.പിയായിരുന്നയാളാണ് കീര്‍ത്തി ആസാദ്.

കീര്‍ത്തി ആസാദിനെ കൂടാതെ ജാര്‍ഖണ്ഡിലെ എസ്.ടി സീറ്റായ ഖുന്തിയില്‍ സ്ഥാനാര്‍ത്ഥിയായി കാളിചരണ്‍ മുണ്ടയെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 543 അംഗ ലോക്‌സഭാ സീറ്റുകളിലായി 379 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.

മൂന്നു തവണ എം.പിയാവുകയും കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്ത കീര്‍ത്തി ആസാദ് 2019 ഫെബ്രുവരിയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

20 വര്‍ഷത്തോളം ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചയാളാണ് കീര്‍ത്തി ആസാദ്. ബി.ജെ.പി നേതൃത്വത്തെ പലവട്ടം വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2015ല്‍ കീര്‍ത്തി ആസാദിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സസ്പെന്‍ഡ് ചെയ്തിരുന്നു. ബി.ജെ.പി പ്രകടനപത്രികയില്‍ രാമക്ഷേത്രം ഉള്‍പ്പെടുത്തുന്നതിനെയും ആസാദ് വിമര്‍ശിച്ചിരുന്നു.

കീര്‍ത്തി ആസാദിന്റെ പിതാവ് ഭഗവത് ഝാ ആസാദ് നേരത്തെ ബീഹാര്‍ മുഖ്യമന്ത്രിയും ലോക്‌സഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായിരുന്നു.

We use cookies to give you the best possible experience. Learn more