ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ആരൊക്കെയാവും ഈ നേതാക്കളെന്ന് ജനുവരി 10ന് പുറത്ത് വിടുന്ന ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നറിയാം.
നല്ല മത്സരം കാഴ്ചവെക്കാന്‍ സാധിക്കുന്ന 25 സീറ്റുകളാണ് കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുള്ളത്. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആയിരിക്കും ആദ്യ പട്ടികയില്‍ പ്രഖ്യാപിക്കുക. ഹാരൂണ്‍ യൂസഫ്, അരവിന്ദര്‍ ലവ്‌ലി, അജയ് മാക്കന്‍, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്ര എന്നിവര്‍ ആദ്യ പട്ടികയിലുണ്ടായേക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2015ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2013ല്‍ എട്ട് സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. അന്ന് വിജയിച്ചിരുന്നവരെയെല്ലാം വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ചാന്ദ്‌നി ചൗക്കില്‍ ആംആദ്മി പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വന്ന നിലവിലെ എം.എല്‍.എ അല്‍ക്ക ലാംബയെ തന്നെ മത്സരിപ്പിക്കും. സ്വതന്ത്രനായി കഴിഞ്ഞ തവണ വിജയിച്ച ഷൊഹൈബ് ഇഖ്ബാലിനെ ഇത്തവണ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മാതിയ മഹലില്‍ തന്നെ മത്സരിപ്പിക്കും.
ആംആദ്മി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ഒരേ വിഭാഗങ്ങളില്‍ നിന്നുള്ളവയാണ്. അത് കൊണ്ട് തന്നെ ഇനിയും ആംആദ്മി പാര്‍ട്ടി തന്നെ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അപകടത്തിലാവുമെന്ന പേടി കോണ്‍ഗ്രസിനുണ്ട്.
ഷീല ദീക്ഷിത് ഇല്ലാത്തതും കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്ന ഘടകമാണ്. സംസ്ഥാനത്തെ ജനങ്ങളോട് ഏറ്റവും അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു ഷീല ദീക്ഷിത്. മുന്‍ മുഖ്യമന്ത്രിയ്ക്ക് പകരം മറ്റൊരു നേതാവിനെ അതേ ജനപ്രീതിയുള്ള നേതാവിനെ കണ്ടെത്താന്‍ പറ്റിയിട്ടില്ലെന്നുള്ളതും കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ