ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനാവുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. സംസ്ഥാനത്ത് വിജയം നേടാനാവില്ലെന്ന് കോണ്‍ഗ്രസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
‘ഞങ്ങള്‍ ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്. പാര്‍ട്ടിയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ നല്ല ആത്മവിശ്വാസമുണ്ട്. സംസ്ഥാനത്ത് വിജയം നേടാനാവില്ലെന്ന സത്യം കോണ്‍ഗ്രസ് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. അവര്‍ക്ക് 10 സീറ്റ് പോലും ഇവിടെ നേടാനാവില്ല,’ സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് 45 സീറ്റിലധികം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുഷ്‌കര്‍ സിംഗിന്റെ മറുപടി.
‘കോണ്‍ഗ്രസ് 45-48 സീറ്റുകള്‍ തെരഞ്ഞെടുപ്പില്‍ നേടുമെന്ന കാര്യം ഉറപ്പാണ്. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇത്രയും നാള്‍ ബി.ജെ.പിക്കാര്‍ പറഞ്ഞ നുണകള്‍ കേട്ട് ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് മടുത്തു. ഇവിടുത്തെ ജനങ്ങളുടെ സ്വപ്‌നം പോലെ ഞങ്ങള്‍ തന്നെ വിജയം നേടും,’ എന്നാണ് ഹരീഷ് റാവത്ത് പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും ഒന്നുകില്‍ താന്‍ ഉത്താരാഖണ്ഡ് മുഖ്യമന്ത്രിയാകും അല്ലെങ്കില്‍ വീട്ടിലിരിക്കുമെന്നും റാവത്ത് പറഞ്ഞിരുന്നു.