കോൺഗ്രസിന് സംഭവിച്ചത് സംഘടനാപരമായ പരാജയം: ഡീന്‍ കുര്യാക്കോസ്
Kerala
കോൺഗ്രസിന് സംഭവിച്ചത് സംഘടനാപരമായ പരാജയം: ഡീന്‍ കുര്യാക്കോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th June 2018, 8:01 pm

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ യു.ഡി.എഫിന് സംഭവിച്ചത് സംഘടനാപരമായ പരാജയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കോണ്‍ഗ്രസില്‍ അടിയന്തരമായി സംഘടനാ നവീകരണം വേണമെന്നും ഡീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മതേതര വോട്ടുകള്‍ നേടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു, ഈ ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡീന്‍ വ്യക്തമാക്കി.

നിലവില്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തെ കുറിച്ചുള്ള വിവാദങ്ങളിലും ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ്സ് തുറന്നു. രാജ്യസഭാ സീറ്റിലുള്ള ഒഴിവില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കരുതെന്ന അഭിപ്രായമാണ് യൂത്ത് കോണ്‍ഗ്രസിനുള്ളതെന്നും, പുതുമുഖങ്ങള്‍ക്കോ യുവാക്കള്‍ക്കോ അവസരം നല്‍കണമെന്നും ഡീന്‍ പറയുന്നു. പി.ജെ കുര്യനെ പോലെയുള്ള നേതാക്കള്‍ മാറി നില്‍ക്കണം എന്നാല്‍ എ.കെ ആന്റണിയെപോലെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ അനിവാര്യമാണ്.

നേരത്തെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റ് പുതുമുഖത്തിന് നല്‍കണമെന്നും, കെ.പി.സി.സി പ്രസിഡന്റായി അനുയോജ്യനെ നിയമിക്കണം എന്നുമായിരുന്നു എം.എല്‍.എമാരുടെ ആവശ്യം. ഇന്നലെ രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് വാളില്‍ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന അഭ്യര്‍ത്ഥനയുമായി മലയാളി കോണ്‍ഗ്രസുകാരുടെ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.