| Monday, 12th December 2022, 1:10 pm

എക സിവില്‍ കോഡ് ബില്ലില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റി, ലീഗിന്റെ ആശങ്ക സ്വാഭാവികം: കെ.സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എക സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

രാജ്യസഭയില്‍ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ജാഗ്രതക്കുറവുണ്ടായെന്നും അക്കാര്യം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ മുസ്ലിം ലീഗ് പ്രകടിപ്പിച്ച ആശങ്ക സ്വാഭാവികമാണ്. സിവില്‍ കോഡ് ബില്ലില്‍ ശക്തമായ എതിര്‍പ്പ് കോണ്‍ഗ്രസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതിനിയും തുടരുമെന്നും വേണുഗോപാല്‍ പറഞ്ഞു.

രാജ്യത്ത തകര്‍ക്കുന്ന ബില്ലാണ് സിവില്‍ കോഡ് ബില്‍. ബില്‍ നടപ്പാക്കാന്‍ അല്ല ധ്രുവീകരണത്തിനാണ് ബി.ജെ.പിയുടെ ശ്രമം. ഏക സിവില്‍ കോഡ് ബില്‍ ഏകപക്ഷീയമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും കെ.സി വ്യക്തമാക്കി.

‘മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.ഐ.എമ്മിന്റെ നിലപാട് കോണ്‍ഗ്രസിനുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റാണ്. കോണ്‍ഗ്രസ്- ലീഗ് ബന്ധത്തെ ന്യായീകരിക്കുന്നതാണ് സി.പി.ഐ.എമ്മിന്റെ ഈ വാദം. കോണ്‍ഗ്രസും ലീഗ് വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്നതായിരുന്നു ഇതുവരെ സി.പി.ഐ.എം പ്രചാരണം.

സി.പി.ഐ.എമ്മിന്റെ നിലപാട് അവസരവാദപരമാണ്. ജനങ്ങള്‍ എതിരായതിന്റെ അങ്കലാപ്പാണ് സി.പി.ഐ.എമ്മിന്. ലീഗിന്റെ ആശങ്കകള്‍ പരിഹരിക്കുക എന്നത് കോണ്‍ഗ്രസിന്റെ കടമയാണ്,’ കെ.സി പറഞ്ഞു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് കൃത്യമായ നിലപാടും സര്‍വകലാശാല നിയമനത്തില്‍ കൃത്യമായ നയവും പാര്‍ട്ടിക്കുണ്ടെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചക്ക് വന്നപ്പോള്‍ ഒരു കോണ്‍ഗ്രസ് എം.പി പോലും പാര്‍ലമെന്റില്‍ ഇല്ലാതിരുന്നതിനെയാണ് മുസ്‌ലിം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ് എം.പി രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ വിമര്‍ശിച്ചത്.

‘ഏകീകൃത സിവില്‍ കോഡ് ബില്ല് പല തവണയായി ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ബി.ജെ.പി ചങ്ങാതിമാര്‍ ബോധപൂര്‍വം പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാനാകില്ല.

എത്ര ഭൂരിപക്ഷമുണ്ടായാലും എത്രതന്നെ അടിച്ചമര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചാലും യൂണിഫോം സിവില്‍ കോഡ് ഇവിടെ നടപ്പിലാക്കാനാകില്ല. ക്രിമിനല്‍ കോഡല്ല, സിവില്‍ കോഡിനെ കുറിച്ചാണ് പറയുന്നത്. അതില്‍പോലും ഇവര്‍ക്ക് സഹിഷ്ണുതപരമായി ഇടപെടാനാകുന്നില്ലെങ്കില്‍ പിന്നെ എന്ത് പറയാനാണ്. എല്ലായിടത്തും അസഹിഷ്ണുതയാണ്.

എനിക്ക് ബി.ജെ.പി സുഹൃത്തിനോട് ഒരു കാര്യമേ പറയാനുള്ളു. സര്‍ക്കാരിന് ഇത് അത്യാവശ്യമാണെന്ന് തോന്നുന്ന സമയത്ത് അവര്‍ ഇക്കാര്യത്തില്‍ നിയമവുമായി വരട്ടെ. അതുവരെ നിങ്ങള്‍ ഒന്ന് അടങ്ങിയിരിക്ക്. എന്തായാലും നിങ്ങള്‍ ഈ ബില്ല് പാസാക്കും. കാരണം ഞങ്ങളാകെ കുറച്ച് പേരെ ഇവിടെ എതിര്‍ക്കുന്നവരുള്ളു. എന്തായാലും ഈ ബില്ല് ഇന്ത്യയുടെയോ ഇവിടെയുള്ള ജനങ്ങളുടെയോ നന്മക്ക് ഉതകുന്നതല്ല. അതുകൊണ്ട് ദയവ് ചെയ്ത് ഈ ബില്ല് പിന്‍വലിക്കാന്‍ താങ്കള്‍ തയ്യാറാകണം.

പിന്നെ, കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഇപ്പോള്‍ ഇവിടെ ഇല്ലാത്തതില്‍ എനിക്ക് വിഷമമുണ്ട്. സത്യത്തില്‍ അതേ കുറിച്ചാണ് ആദ്യം എന്റെ മനസില്‍ വരുന്നത്,’ എന്നാണ് അബ്ദുള്‍ വഹാബ് കഴിഞ്ഞ ദിവസം ചര്‍ച്ചക്കിടെ പറഞ്ഞത്.

ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെയുള്ള തന്റെ പരാമര്‍ശങ്ങത്തിന് വിശദീകരണവുമായി വഹാബ് തന്നെ എത്തിയിരുന്നു.

രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ താന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ല. ചര്‍ച്ചക്കിടെ കോണ്‍ഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി, താന്‍ ഉന്നയിച്ചത് ഒരു പരസ്യവിമര്‍ശനമായിരുന്നില്ലെന്നുമാണ് വഹാബ് പറഞ്ഞത്.

സ്വകാര്യ ബില്ല് ചര്‍ച്ചയ്ക്ക് എടുത്ത സമയത്തെ സാഹചര്യം വ്യക്തമാക്കിയതായിരുന്നു. സി.പി.ഐ.എം അംഗങ്ങള്‍ സഭയിലുണ്ടായിരുന്നു. എന്നാല്‍ അവരുടെ നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെന്ന് തോന്നിയിട്ടില്ല. കേരളത്തില്‍ ഭരണം ഇല്ലാത്തത് കൊണ്ട് മുസ്‌ലിം ലീഗ് മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

Content Highlight: Congress Failed in handling Uniform Civil code Bill at Rajya Sabha: KC Venugopal

We use cookies to give you the best possible experience. Learn more