തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വവിതരണം ഏപ്രില്‍ 15 വരെ നീട്ടി. വിവിധ സംസ്ഥാന കമ്മിറ്റികള്‍ ആവശ്യപ്പെട്ടതിനാലാണ് വിതരണം നീട്ടിയതെന്നാണ് സൂചന.
മാര്‍ച്ച് 31നുള്ളില്‍ കേരളത്തില്‍ അമ്പത് ലക്ഷത്തോളം പേരെ അംഗത്വത്തിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നാല് ലക്ഷം പേരെയാണ് ചേര്‍ത്താന്‍ കഴിഞ്ഞത്. തെലങ്കാനയില്‍ അംഗത്വ വിതരണം 40 ലക്ഷം കടന്നപ്പോഴാണ് കേരളത്തില്‍ നാല് ലക്ഷം മാത്രമായത്. കര്‍ണാടകത്തില്‍ 30 ലക്ഷം കടന്നിട്ടുണ്ട്.
മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം ഡിസബംറില്‍ അംഗത്വ വിതരണ പരിപാടികള്‍ തുടങ്ങിയപ്പോള്‍ കേരളത്തില്‍ മാര്‍ച്ച് അവസാനത്തിലാണ് അംഗത്വ വിതരണം ആരംഭിച്ചത്.
കോണ്‍ഗ്രസിലേക്ക് അമ്പത് ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ലക്ഷ്യമുണ്ടെന്നും നേതാക്കള്‍ അംഗത്വ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.
അംഗത്വ പ്രവര്‍ത്തനത്തിന് ഇറങ്ങാത്ത നേതാക്കളുടെ മുന്നോട്ടുള്ള യാത്ര പ്രയാസമായിരിക്കും. മാര്‍ച്ച് 31നുള്ളില്‍ പാര്‍ട്ടിയിലേക്ക് 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കാനാണ് ലക്ഷ്യം. ഇതിന് എല്ലാ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണം.
പ്രവര്‍ത്തനത്തിനിറങ്ങാത്തവരെ പ്രത്യേകം ശ്രദ്ധിക്കും. അത് അവരുടെ ഭാവിയെ ബാധിക്കും, അംഗത്വ രജിസ്ട്രേഷന്‍ ഡിജിറ്റലായതിനാല്‍ ആര്‍ക്കും മുട്ടില്‍വെച്ചെഴുതി അംഗത്വം കൂട്ടാനാവില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
അംഗത്വമുയര്‍ത്തുക എന്നത് പ്രവര്‍ത്തകര്‍ വെല്ലുവിളിയായി ഏറ്റെടുത്ത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംഗത്വം 50 ലക്ഷമായി ഉയര്‍ത്താനുള്ള എ.ഐ.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് സുധാകരന്‍ എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് മധ്യമേഖലാ അംഗത്വ കണ്‍വെന്‍ഷനില്‍ ഇക്കാര്യം പറഞ്ഞത്.
Content Highlights: Congress extends membership distribution until April 15