തിരുവനന്തപുരം: വനിതാ വൈസ് പ്രസിഡന്റുമാരില്ലാതെ കെ.പി.സി.സി ഭാരവാഹി പട്ടിക.
കെ.പി.സി.സി ഭാരവാഹിത്വത്തില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കോണ്‍ഗ്രസ് ഹൈക്കമാന്റ് അംഗീകരിച്ചതോടെയാണ് വൈസ് പ്രസിഡന്റ് പട്ടികയില്‍ നിന്നും വനിത പ്രസിഡന്റുമാര്‍ ഒഴിവായത്. 4 വൈസ് പ്രസിഡന്റുമാരാണ് ഉണ്ടായിരിക്കുക. ഇതില്‍ വനിതകള്‍ ആരുമില്ല.
ഇതോടെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിച്ചിരുന്ന പത്മജ വേണുഗോപാലിനെ ഒഴിവാക്കി. പത്മജ നിര്‍വാഹക സമിതി അംഗമാവും.
കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയേയും ഒഴിവാക്കി. എന്നാല്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 19 ല്‍ നിന്നും 22 ആയി ഉയര്‍ത്തിയിട്ടുണ്ട്. 3 വനിതകളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണിത്.
കെ.പി.സി.സി പ്രസിഡന്റ്, 3 വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, ട്രഷറര്‍ എന്നിവരെ കൂടി ചേര്‍ത്ത് ആകെ ഭാരവാഹികള്‍ 31 ആകും. 51 അംഗ പട്ടികയില്‍ ബാക്കിയുള്ളവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്.
പട്ടികയില്‍ ആകെ അഞ്ച് വനിതകള്‍ ഉണ്ട്. പട്ടിക വിഭാഗത്തില്‍ നിന്നും അഞ്ച് പേരുണ്ട്. ആകെ അംഗങ്ങളുടെ പത്ത് ശതമാനം എന്ന കണക്കിലാണ് വനിത- പട്ടിക വിഭാഗ പ്രാതിനിധ്യം നിശ്ചയിച്ചത്.
കെ.പി.സി.സി പട്ടിക അന്തിമ അംഗീകാരത്തിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കൈമാറി.