ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറിലായി. ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്.
പ്രകടനപത്രിക പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി manifesto.inc.in എന്ന വെബ്സൈറ്റ് ആരംഭിച്ചിരുന്നു. ഈ വെബ്‌സൈറ്റാണ് ഇപ്പോള്‍ തകരാരിലായിരിക്കുന്നത്. പ്രകടനപത്രിക പുറത്തിറക്കി മിനിറ്റുകള്‍ക്കം തന്നെ വെബ്സൈറ്റ് തകരാറിലാവുകയായിരുന്നു.
എന്നാല്‍ ആളുകളുടെ തള്ളികയറ്റം മൂലമാണ് വെബ്സൈറ്റ് തകരാറിലായതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ട്വീറ്റ് ചെയ്തു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരുന്നു കോണ്ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം തുടങ്ങിയവയടക്കമുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ പത്രികയില്‍ വിപ്ലവാത്മക നിയമപരിഷ്‌കാരങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്.
വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ അന്തസും ഹനിക്കുന്ന നിയമങ്ങള്‍ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ദീര്‍ഘകാലമായി ഭരണകൂടം മര്‍ദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങള്‍ എടുത്തുകളയുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നും പത്രികയില്‍ പറയുന്നു.
രാജ്യദ്രോഹക്കുറ്റത്തെ നിര്‍വചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയും, കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും സൈന്യത്തിന് പ്രത്യകാധികാരങ്ങള്‍ നല്‍കുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്‌കരിക്കുമെന്നും പത്രികയില്‍ പറയുന്നുന്നുണ്ട്.
ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഞങ്ങള്‍ നടപ്പിലാക്കും” (ഹം നിഭായേംഗേ) എന്ന ടാഗ് ലൈനോടുകൂടിയാണ് മാനിഫെസ്റ്റോ പുറത്തിറക്കിയിരിക്കുന്നത്.