ന്യൂദല്‍ഹി: കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം തുടങ്ങിയവയടക്കമുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ പത്രികയില്‍ വിപ്ലവാത്മക നിയമപരിഷ്‌കാരങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്.
വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ അന്തസും ഹനിക്കുന്ന നിയമങ്ങള്‍ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ദീര്‍ഘകാലമായി ഭരണകൂടം മര്‍ദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങള്‍ എടുത്തുകളയുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നും പത്രികയില്‍ പറയുന്നു.
രാജ്യദ്രോഹക്കുറ്റത്തെ നിര്‍വചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയും, കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും, സൈന്യത്തിന് പ്രത്യകാധികാരങ്ങള്‍ നല്‍കുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്‌കരിക്കുമെന്നും പറയുന്ന പത്രികയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ നിയമം ആളുകള്‍ അപ്രത്യക്ഷരാകുന്നതിനും ലൈംഗിക ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ക്രിമിനല്‍ നടപടി നിയമം സമഗ്രമായി പരിഷ്‌കരിക്കും. അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രാധികാരങ്ങള്‍ സി.ആര്‍.പി.സി നിയമത്തിനും ഇന്ത്യന്‍ തെളിവ് നിയമത്തിനും അധിഷ്ഠതമാക്കി നിയന്ത്രിക്കും. ഇവയിലൂടെ അനധികൃത തടവ് ഇല്ലാതെയാക്കുമെന്നും പ്രകടനപത്രിക പറയുന്നു.
മൂന്ന് വര്‍ഷമോ അതില്‍ത്താഴെയോ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തതിന് തടവിലിട്ടിരിക്കുന്ന, മൂന്ന് മാസം തടവ് പൂര്‍ത്തിയാക്കിയ മുഴുവന്‍ വിചാരണത്തടവുകാരെയും മോചിതരാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാര്‍ ആറ് മാസം തടവ് പൂര്‍ത്തിയാക്കിയെങ്കില്‍ വിട്ടയക്കും. ജയില്‍ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപീകരിച്ച് റോ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ ഏജന്‍സികളെ അതിന് കീഴിലാക്കുമെന്നും അതിനെ പാര്‍ലമെന്റിനോട് അക്കൗണ്ടബിള്‍ ആക്കുമെന്നും പ്രകടനപത്രികയില്‍ വിശദമാക്കുന്നു.
ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഗബ്ബര്‍സിങ് ടാക്സിനു (ജിഎസ്ടി) പകരം ലളിതമായ നികുതി കൊണ്ടുവരും. കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. ജനങ്ങളുടെ അഭിലാഷങ്ങളാണ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നും പ്രകടപത്രികയിലെ ഒരു വാക്കുപോലും നടപ്പാക്കാതിരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 33 ശതമാനം സംവരണം നിയമസഭയില്‍ ലോക്സഭയിലും നല്‍കുന്ന നിയമം പാസ്സാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. “ഞങ്ങള്‍ നടപ്പിലാക്കും” (ഹം നിഭായേംഗേ) എന്ന ടാഗ് ലൈനോടുകൂടിയാണ് മാനിഫെസ്റ്റോ പുറത്തിറക്കിയിരിക്കുന്നത്.