കോട്ടയം: ത്രിപുരയിലും നാഗാലാന്‍ഡിലും വലിയ തിരിച്ചടിയാണ് നേരിട്ടതെങ്കിലും കോണ്‍ഗ്രസിനു പിടിവള്ളിയായത് മേഘാലയയാണ്. ഫലം പ്രഖ്യാപിച്ച 59 സീറ്റുകളില്‍ 21 എണ്ണം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ഇവിടെ കോണ്‍ഗ്രസിനു കഴിഞ്ഞു. ഈ ആത്മവിശ്വാസത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഗവര്‍ണ്ണറുടെ മുന്നില്‍ ഉന്നയിക്കുകയും ചെയ്തു കോണ്‍ഗ്രസ് നേതാക്കള്‍.
എന്നാല്‍ ഈ വിജയത്തിനു പിന്നിലെ പ്രധാന ശില്‍പ്പികള്‍ മേഘാലയയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അല്ല; കേരളത്തില്‍ നിന്നുള്ളവരാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് മേഘാലയയില്‍ പ്രചരണം നടന്നത്.
മേഘാലയയിലെ കൊടും തണുപ്പ് വകവെയ്ക്കാതെയാണ് കേരള നേതാക്കള്‍ പ്രചരണം നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടേയും കെ.സി ജോസഫിന്റേയും നേതൃത്വത്തില്‍ നൂറോളം കുടുംബയോഗങ്ങളിലാണ് പങ്കെടുത്തത്. ഇതിനിടെ ജനല്‍ച്ചില്ല് പൊട്ടി കെ.സി ജോസഫിന്റെ മൂക്കിനു പരുക്കേല്‍ക്കുകയും ചെയ്തു.
മേഘാലയ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത രീതിയിലാണ് കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചത്. ഇതു തന്നെയാണ് കോണ്‍ഗ്രസിന്റെ നേട്ടത്തിനു പിന്നിലെ പ്രധാന കാരണവും. ആന്റോ ആന്റണി എം.പിയ്ക്കായിരുന്നു പ്രചരണ ചുമതല.
ജോസഫ് വാഴയ്ക്കന്‍, അഡ്വ. ടോമി കല്ലാനി, മധു എബ്രഹാം, സുനു ജോര്‍ജ്ജ്, ലാലി വിന്‍സന്റ്, ഡൊമിനിക് പ്രസന്റേഷന്‍, ഇ.എം അഗസ്തി, അഡ്വ. ജോര്‍ജ്ജ് മേഴ്‌സിയര്‍, അഡ്വ. അനില്‍ ബോസ് എന്നീ കോണ്‍ഗ്രസ് നേതാക്കളും മേഘാലയയില്‍ അഹോരാത്രം പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയില്‍ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ നേതാക്കളാണ് പ്രചരണത്തിനായി എത്തിയത് എന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി ഒറ്റയ്ക്ക് മേഘാലയ ഭരിക്കുമെന്ന് സര്‍വ്വേഫലം വന്നതോടെയാണ് ഉമ്മന്‍ ചാണ്ടിയോട് പ്രചരണ ചുമതല ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.
കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചും പണമൊഴുക്കിയുമാണ് ബി.ജെ.പി മേഘാലയയില്‍ പ്രചരണം നടത്തിയത്. പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളേയാണ് ബി.ജെ.പി ലക്ഷ്യമിട്ടത്. ഇതുമനസിലാക്കിയാണ് പിന്നോക്ക മേഖലകളില്‍ കൂടുതല്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ് മറുതന്ത്രം മെനഞ്ഞത്.
കേരളത്തില്‍ നിന്നുള്ള നിരവധി അധ്യാപകരും വൈദികരുമെല്ലാം മേഘാലയയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു.
മേഘാലയയില്‍ ബി.ജെ.പിയുടെ പ്രചരണ ചുമതല ഉണ്ടായിരുന്നതും കേരളത്തില്‍ നിന്നുള്ള ഒരു നേതാവിനാണ്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ബി.ജെ.പിയുടെ പ്രചരണത്തിന് നേതൃത്വം നല്‍കിയത്.