| Tuesday, 23rd April 2019, 3:05 pm

അഹമ്മദാബാദ് പോളിങ് ബൂത്തിനുമുമ്പിലെ മോദിയുടെ പ്രസംഗം: തെരഞ്ഞെടുപ്പു കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഹമ്മദാബാദ് പോളിങ് ബൂത്തിനു മുമ്പില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. വൈകുന്നേരം അഞ്ചു മണിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസിലെത്തി കോണ്‍ഗ്രസ് സംഘം പരാതി നല്‍കും.

വോട്ടിങ്ങിനിടെ ഒരു മണ്ഡലത്തില്‍ മോദിയ്ക്ക് എങ്ങനെയാണ് രാഷ്ട്രീയ പ്രസംഗം നടത്താന്‍ കഴിയുകയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

തുറന്ന ജീപ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദി റാണിപ്പിലെ നിഷാന്‍ ഹൈസ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയത്. ബൂത്തിനു മുമ്പില്‍ വോട്ടു ചെയ്യാനായി ക്യൂ നില്‍ക്കുന്നവരേയും മോദി അഭിവാദ്യം ചെയ്തിരുന്നു.

പോളിങ് ബൂത്തിനുള്ളിലേക്ക് കയറുന്നതിനു മുമ്പ് മോദി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും കുടുംബത്തേയും അഭിവാദ്യം ചെയ്യാനായി നിന്നു. അമിത് ഷായുടെ കൊച്ചുമകളെ എടുക്കുകയും ജനങ്ങള്‍ക്കുനേരെ കൈവീശുകയും ചെയ്തു. പിന്നീട് വോട്ടു ചെയ്തു മടങ്ങവേയാണ് മോദി പ്രസംഗിച്ചത്.

തീവ്രവാദികളുടെ സ്‌ഫോടകവസ്തുക്കളേക്കാള്‍ ശേഷിയുടെ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡിനെന്നായിരുന്നു മോദി പറഞ്ഞത്.

‘ആദ്യമായി വോട്ടു ചെയ്യുന്നവര്‍ സ്ഥിരതയുള്ള സര്‍ക്കാറിന് വേണ്ടി വോട്ടു ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇത് അവരുടെ നൂറ്റാണ്ടാണ്. അതുകൊണ്ട് അവര്‍ വോട്ടു ചെയ്യണമെന്ന് ഞാന്‍ ഊന്നിപ്പറയുന്നു.’ എന്നും മോദി പറഞ്ഞിരുന്നു.

വോട്ടിങ്ങിനെ കുംഭമേളയില്‍ മുങ്ങുന്നതിനോട് ഉപമിച്ചും മോദി സംസാരിച്ചിരുന്നു. ‘അതൊരുതരം പവിത്രതയുടെ പ്രതീതി നല്‍കുന്നു. ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് അറിയാം’ എന്നായിരുന്നു മോദി പറഞ്ഞത്.

We use cookies to give you the best possible experience. Learn more