| Tuesday, 25th April 2023, 2:13 pm

കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ബി.ജെ.പിയുടെ ഡി.എന്‍.എ അറിയാം; പ്രതിപക്ഷ ഐക്യത്തിന് വിട്ടുവീഴ്ചക്ക് തയ്യാര്‍; കോണ്‍ഗ്രസ് വല്യേട്ടന്‍ കളിക്കാറില്ല: കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ തങ്ങളോടടുപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമില്ലെന്നും പാര്‍ട്ടിയുടെ നിലപാടുകളെ ബാധിക്കാത്ത സാഹചര്യമാണുള്ളതെങ്കില്‍ രാജ്യ താത്പര്യത്തെ മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വേണുഗോപാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ബി.ജെ.പി രാജ്യത്താകമാനം ക്രിസ്ത്യാനികള്‍ക്കും പള്ളികള്‍ക്കും നേരേ ആക്രമണങ്ങള്‍ നടത്തുകയാണ്. ഞാന്‍ ഇക്കാര്യം നിരവധി തവണ പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ബി.ജെ.പിയെ പിന്തുണക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് ബി.ജെ.പിയുടെ ഡി.എന്‍.എയെപ്പറ്റി വ്യക്തമായ ധാരണയുണ്ട്,’ വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമുണ്ടെന്ന ആരോപണങ്ങളെ വേണുഗോപാല്‍ തള്ളിക്കളഞ്ഞു. 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത പാര്‍ട്ടി നിലപാടിനെ മുന്‍നിര്‍ത്തിയാണ് വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ മനോഭാവവുമായി ബന്ധപ്പെട്ട ചോദ്യത്തെ തള്ളിക്കളഞ്ഞത്.

‘കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമുണ്ടെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക. 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചുമതല വഹിച്ചത് ഞാനാണ്. കോണ്‍ഗ്രസ് 80 സീറ്റുകളിലാണ് അന്ന് വിജയിച്ചത്, ജെ.ഡി.എസ് 37 സീറ്റുകളിലും. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മണിക്കൂറിനുള്ളില്‍ ജെ.ഡി.എസിന് മുഖ്യമന്ത്രി പദം ഞങ്ങള്‍ വാഗ്ദാനം ചെയ്തു. രണ്ട് വര്‍ഷവും ഭരണത്തില്‍ ചെറിയ റോള്‍ മാത്രമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്,’ വേണുഗോപാല്‍ പറഞ്ഞു.

2011ല്‍ യു.പി.എ ഗവണ്‍മെന്റ് ജാതി സെന്‍സസ് നടത്തിയിരുന്നെന്നും എന്തുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ അത് പ്രസിദ്ധീകരിക്കാത്തതെന്നും വേണുഗോപാല്‍ ചോദിച്ചു. 2011ലെ കാസ്റ്റ് സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ പുതിയ സെന്‍സസ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ പാര്‍ട്ടിയോടടുപ്പിക്കാനായി ബി.ജെ.പി ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഈസ്റ്ററിനോട് അനുബന്ധിച്ച് ബി.ജെ.പി നേതാക്കള്‍ മതമേലധ്യക്ഷന്മാരെ കാണുകയും ക്രൈസ്തവ വീടുകളിലെത്തി ആശംസകള്‍ നേരുകയും ചെയ്തിരുന്നു.

ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മലയാറ്റൂര്‍ മല കയറ്റവും ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും പ്രതിച്ഛായ വര്‍ധിപ്പിക്കാനുമായി ‘നന്ദി മോദി’ ക്യാമ്പയിനും സംസ്ഥാന നേതൃത്വം നേരത്തെ തുടക്കമിട്ടിരുന്നു.

ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്ന് നേരത്തെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരും ബി.ജെ.പി അനുകൂല നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. ക്രൈസ്തവ മത നേതാക്കളുടെ നിലപാടുകള്‍ക്കെതിരെ വിശ്വാസി സമൂഹത്തില്‍ നിന്ന് തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Content Highlights: congress dont have the big brother attitude: KC Venugopal

We use cookies to give you the best possible experience. Learn more