| Monday, 31st August 2020, 11:09 am

ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; പിടിയിലായവര്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പിടിയാലയവര്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും ചെന്നിത്തല പറഞ്ഞു.

ഭരണത്തിലെ പാളിച്ച മറച്ച് വെക്കാന്‍ വാര്‍ത്ത വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലും രംഗത്തെത്തി. സി.പി.ഐ.എം നടത്തുന്ന കൊലപാതകങ്ങളില്‍ അവര്‍ എടുക്കുന്ന നിലപാടല്ല യൂത്ത് കോണ്‍ഗ്രസിന്റെതേന്നും കൊലപാതകം അപലപനീയമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥില്‍ രാജിനെയും ഹക്ക് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. ആക്രമണം നടത്തിയ സ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ തിരിച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ മൂന്ന് പ്രതികളെ പിടികൂടിയിരുന്നു. അക്രമികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസുകാരനായ ഷജിത്തിനെ പൊലീസ് പിടികൂടിയിരുന്നു. വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഷജിത്താണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മും നേരത്തെ ആരോപിച്ചിരുന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് അക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം ആരോപിച്ചിരുന്നു.

രണ്ട് മാസം മുമ്പ് ഫൈസല്‍ എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മുഖ്യ പ്രതി കോണ്‍ഗ്രസുകാരനായ സജിത്താണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress doesn’t have involvement in Venjaramoodu Double murder

We use cookies to give you the best possible experience. Learn more