| Saturday, 9th March 2024, 4:36 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; രാജ്യത്തിന്റെ ക്ഷേമത്തിനായ് ഡി.എം.കെക്കും കോൺ​ഗ്രസിനും പിന്തുണ നല്‍കും; കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിക്കാനിരിക്കെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയും കോണ്‍ഗ്രസുമായും സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം). എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് കമല്‍ഹാസന്‍ അറിയിച്ചു.

രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയാണ് താന്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേര്‍ന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ‘ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. രാജ്യത്തിന് വേണ്ടിയാണ് ഞാന്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേര്‍ന്നത്. അല്ലാതെ ഒരു സ്ഥാനത്തിനും വേണ്ടിയല്ല,’ കമല്‍ഹാസന്‍ പറഞ്ഞു.

സഖ്യത്തിന് തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് അനുവദിക്കാനും ഡി.എം.കെയില്‍ ധാരണയായിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് കോണ്‍ഗ്രസിന്റെയും ഡി.എം.കെയുടെയും കൂടിക്കാഴ്ച നടക്കുന്നുണ്ട്.

ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസിന് പത്ത് സീറ്റുകള്‍ ലഭിക്കുമെന്നാണ് സൂചന.

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലും ഡി.എം.കെ സഖ്യത്തിന് വേണ്ടി കമല്‍ഹാസന്റെ പാര്‍ട്ടി പ്രചരണം നടത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സി.പി.എമ്മിന് രണ്ട് സീറ്റുകള്‍ വീതവും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗിനും കൊങ്കു ദേശ മക്കള്‍ പാര്‍ട്ടിക്ക് ഓരോ സീറ്റും ഡി.എം.കെ അനുവദിക്കും.

Content Highlight: Congress-DMK Seal Deal In Tamil Nadu, Guest Appearance By Kamal Haasan

We use cookies to give you the best possible experience. Learn more