|

ജെ.ഡി.എസ് പതാകയേന്തിയ ഡി.കെ ശിവകുമാറിനെതിരെ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍; കോണ്‍ഗ്രസ് ഓഫീസ് തനിക്ക് ആരാധനാലയമാണെന്ന് ഡി.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗ്‌ളൂരു: ജെ.ഡി.എസ് പതാക കയ്യിലേന്തിയതിന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെതിരെ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ജാമ്യം ലഭിച്ച ശിവകുമാര്‍ ജയില്‍ മോചിതനായി ദല്‍ഹിയില്‍ നിന്നും മടങ്ങവെയായിരുന്നു ജെ.ഡി.എസ് പതാക കയ്യിലേന്തിയത്.

പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ വരികയായിരുന്ന ഡി.കെ ശിവകുമാറിന്റെ കയ്യിലേക്ക് ജെ.ഡി.എസ് പ്രവര്‍ത്തകന്‍ പാര്‍ട്ടി പതാക നല്‍കുകയായിരുന്നു. ശിവകുമാര്‍ പതാക സ്വീകരിക്കുകയും കുറച്ച് സമയത്തിന് ശേഷം തിരികെ നല്‍കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ഒരു സ്വകാര്യ സംഭാഷണത്തില്‍ ശിവകുമാറിന്റെ പ്രവൃത്തിയെ വിമര്‍ശിക്കുന്ന വീഡിയോയും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവം വിവാദമായതോടെ ഡി.കെ ശിവകുമാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.’ ഞാന്‍ പോകുന്നിടത്തെല്ലാം ആളുകള്‍ എനിക്ക് കര്‍ണ്ണാടക പതാക ഉള്‍പ്പെടെ നിരവധി പതാകകള്‍ തരാറുണ്ട്. ഒപ്പം നാനാതുറകളിലുള്ളവരും എന്നെ കാണാന്‍ വരുന്നുണ്ട്. ഇപ്പോള്‍ പോലും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാര്‍ എന്നെ കാണാന്‍ കാത്തിരിക്കുന്നുണ്ട്. അവരോട് വരരുതെന്ന് എനിക്ക് പറയാന്‍ കഴിയുമോ? ഡി.കെ ശിവകുമാര്‍ ചോദിച്ചു.

താന്‍ ജനിച്ചതുമുതല്‍ ഒരു കോണ്‍ഗ്രസുകാരന്‍ ആയതിനാല്‍ തന്നെ പതാക കയ്യിലെടുക്കുന്നത് അത്ര വലിയ കാര്യമല്ലെന്നും ശിവകുമാര്‍ പറഞ്ഞു.
‘ഞാന്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് നേരിട്ട് വരികയാണ്. അവിടെ എനിക്ക് ആരാധനാലയത്തിന് സമാനമാണ്’ ശിവകുമാര്‍ പ്രതികരിച്ചു.

അതേസമയം തന്റെ സ്വകാര്യസംഭാഷണത്തിന്റെ വീഡിയോ ചര്‍ച്ചയാക്കിയത് ഉചിതമായ പ്രവൃത്തിയല്ലെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ