തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ആചാരസംരക്ഷണ ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യത്തിൽ യു.ഡി.എഫിൽ ഭിന്നത. ഈ കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്ന കാര്യത്തിലാണ് ഭിന്നത പ്രകടമായത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ആലോചിച്ച ശേഷം മാത്രമാണ് തീരുമാനിക്കുക എന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എന്നാൽ ഓർഡിനൻസിന്റെ കാര്യം ഉന്നയിച്ച് തങ്ങൾ പ്രധാനമന്ത്രിയെ കാണുമെന്നു യു.ഡി.എഫ്. എം.പിമാർ അറിയിച്ചു.
ശബരിമല വിഷയത്തിൽ ഏറെ നാളുകളായി സുപ്രീം കോടതി വിധിക്കെതിരെയുള്ള നിലപാടാണ് കോൺഗ്രസും, യു.ഡി.എഫും സ്വീകരിച്ചിരുന്നത്. ബി.ജെ.പി. സംഘപരിവാർ നയങ്ങൾക്ക് അനുകൂലം എന്നു കരുതത്തക്ക നിലപാടുകളായിരുന്നു ഈ കാര്യത്തിൽ ഇവരുടേത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശനം നടത്തിയ ശേഷം കോൺഗ്രസ് തങ്ങളുടെ നിലപാട് കടുപ്പിക്കുകയായിരുന്നു.
Also Read സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെ പാലക്കാട് എല്‍.ഡി.എഫ് പ്രതിഷേധം; ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ്
ശബരിമല യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ച് കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്ത് വന്നിരുന്നു. എന്നാൽ അതിനു ശേഷവും കോൺഗ്രസ് കേരളാ ഘടകം തങ്ങളുടെ പഴയ നിലപാടിൽ തന്നെ തുടരുകയായിരുന്നു.