മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ ഇറക്കുന്നു: എം.വി. ഗോവിന്ദന്‍
Kerala News
മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ ഇറക്കുന്നു: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th February 2023, 1:24 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ ഇറക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അവര്‍ കരിങ്കൊടിയുമായി വാഹനവ്യൂഹത്തിന് മുന്നില്‍ ചാടി വീഴുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കരിങ്കൊടിയെ ഭയക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ടുകൊണ്ട് പല സ്ഥലങ്ങളിലും ആളുകളെ തടഞ്ഞിട്ടുണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതൊക്കെയും അപ്പോള്‍ തന്നെ അവസാനിക്കുമെന്നും ആജീവനാന്ത തടഞ്ഞ് നിര്‍ത്തലല്ലല്ലോ ഇതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ യാത്രയുടെ അതീവ സുരക്ഷയ്‌ക്കെതിരെ പ്രതിപക്ഷം കരിങ്കൊടി കാണിച്ച് കൊണ്ടുള്ള പ്രതിഷേധ രീതികളുമായി മുന്നോട്ട് പോകുന്നതിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആത്മഹത്യാ സ്‌ക്വാഡ് പോലെ കോണ്‍ഗ്രസ് വണ്ടിക്ക് മുന്നില്‍ ചാടുകയാണ്. വണ്ടിക്ക് മുന്നില്‍ ചാടുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും എന്ത് ചെയ്യും, വണ്ടിക്ക് മുന്നില്‍ ചാടിക്കോട്ടേ എന്നാണോ നിങ്ങള്‍ പറയുന്നത്,’ അദ്ദേഹം ചോദിച്ചു.

ബി.ജെ.പിക്ക് ബദല്‍ വെക്കാന്‍ പറ്റുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ആരും ചിന്തിക്കുന്നില്ലെന്നും അതൊരു പ്രാദേശിക പാര്‍ട്ടി പോലെ ക്ഷീണിച്ചിരിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്ലാവരും ചേരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ വര്‍ഗ പ്രസ്ഥാനങ്ങളെയും ബഹുജന പ്രസ്ഥാനങ്ങളും ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന എല്ലാവരും ഉള്‍പ്പെടുന്ന ജനാധിപത്യ ഇടതുപക്ഷ പ്രസ്ഥാനം ഇന്ത്യയില്‍ വളര്‍ന്ന് വരണമെന്നും എം.വി.ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നേരെയെടുക്കുന്ന തെറ്റായ സമീപനങ്ങള്‍ക്കെതിരെയും വര്‍ഗീയതക്കെതിരെ സി.പി.ഐ.എമ്മിന്റെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനകീയ പ്രതിരോധ ജാഥ തിങ്കളാഴ്ച ആരംഭിക്കാന്‍ ഇരിക്കുകയാണ്. കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ജനമധ്യത്തിലെത്തിക്കുകയെന്നത് യാത്രാ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഒരു തരത്തിലും പ്രതിരോധത്തിലല്ലെന്നും, കേരളത്തിന് നേരെ പ്രതിരോധം തീര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള യാത്രയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം പോലൊരു സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക അവകാശം കേന്ദ്രം നല്‍കുന്നില്ലെന്നും കേന്ദ്രം കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും കേരളം നിലനില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആകാശ് തില്ലങ്കേരി പറയുന്നത് ശുദ്ധ അസംബദ്ധമാണ്. പാര്‍ട്ടിക്ക് അങ്ങനെയുള്ള ഒരു നിലപാടുമില്ല. ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി മാറിപ്പോയിട്ടുള്ള ചില ആളുകള്‍ എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഭാഗമാണിത്. ഞങ്ങളിത് ഗൗരവത്തിലെടുക്കുന്നില്ല.
അദ്ദേഹം എന്തിനാണ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് പറയുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഇവര്‍ക്കാര്‍ക്കും പാര്‍ട്ടിയുടെ ഒരു ലേബലുമില്ല. എത്രയോ വര്‍ഷം മുമ്പേ ഇതൊക്കെ അവസാനിപ്പിച്ചതാണ്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന സി.പി.ഐ.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ നടക്കുന്നത്.

CONTENT HIGHLIGHT: Congress deploying suicide squads against CM: M.V. Govindan