| Sunday, 13th March 2022, 7:50 am

ഗാന്ധിമാര്‍ രാജിവെക്കില്ല; വാര്‍ത്തകള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ രാജിവെക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്.

രാജി വാര്‍ത്ത തീര്‍ത്തും തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും തല്‍സ്ഥാനങ്ങള്‍ രാജിവെക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ദല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. നാല് മണിക്കാണ് യോഗം.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കള്‍ നിലപാട് കടിപ്പിച്ചിരുന്നു. ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന ജി 23 നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടിരുന്നു.

മാറ്റമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവരടക്കം പങ്കെടുത്ത യോഗം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Congress Denies Gandhis To Offer Resignations At Top Meet Today

We use cookies to give you the best possible experience. Learn more