| Thursday, 4th April 2019, 8:52 am

ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചു; കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍നിന്ന് വിട്ടുനിന്ന് നവ്‌ജ്യോത് സിങ് സിദ്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡീഗഡ്: കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍നിന്ന് വിട്ടുനിന്ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദു. ഭാര്യയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സിദ്ദു തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ 20 ദിവസമായി സിദ്ധു പ്രചാരണത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് സ്വാധീനമുള്ള ഛണ്ഡീഗഡിലോ, അമൃത്സറിലോ ഭാര്യ നവജ്യോത് കൗറിന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കുമെന്നായിരുന്നു സിദ്ദുവിന്റെ കണക്കുകൂട്ടല്‍.


എന്നാല്‍ മുന്‍കേന്ദ്രമന്ത്രി പവന്‍ കുമാര്‍ ബന്‍സാലിന് ഛണ്ഡീഗഡിലും നിലവിലെ സിറ്റിങ് എം.പി ഗുര്‍ജിത് സിങ് ഔജാലയ്ക്ക് അമൃത്സറിലും സീറ്റ് നല്‍കി. ഇതോടെയാണ് സിദ്ദു പാര്‍ട്ടി നേതൃത്തവുമായി ഇടഞ്ഞത്.

അമൃത്സര്‍ ലോക്‌സഭാംഗമായിരുന്ന സിദ്ദുവിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അതേസമയം, പാര്‍ട്ടിയുടെ തീരുമാനം നിരാശപ്പെടുത്തുന്നതായും നാലാം തവണയാണ് മുന്‍ റെയില്‍വേ മന്ത്രി കൂടിയായ പവന്‍ കുമാര്‍ ബന്‍സാലിയെ പാര്‍ട്ടി നോമിനേറ്റ് ചെയ്യുന്നതെന്നും നവ്‌ജ്യോത് കൗര്‍ പറഞ്ഞു.


“ഒരു സ്ത്രീ വ്യക്തിഗതമായി അവളുടെ പ്രവര്‍ത്തനം വെളിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അത് അംഗീകരിച്ചു കൊടുക്കണം. ഞാനൊരു ഗൈനക്കോളജിസ്റ്റ് ആയിരുന്നു. രാഷ്ട്രീയത്തിന് വേണ്ടിയാണ് ജോലി ഉപേക്ഷിച്ചത്”- നവ്‌ജ്യോത് കൗര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more