national news
ഗോഡ്‌സെ അനുകൂല പരാമര്‍ശം; അഭിജിത് ഗംഗോപാധ്യായയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 26, 05:23 am
Tuesday, 26th March 2024, 10:53 am

കല്‍ക്കത്ത: മുന്‍ ജഡ്ജിും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ അഭിജിത് ഗംഗോപാധ്യായയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസ്. ഗാന്ധി, ഗോഡ്‌സെ, ഈ രണ്ട് പേരില്‍ നിന്ന് ഒരാളെ തെരഞ്ഞടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് ഗംഗോപാധ്യായ പറഞ്ഞിരുന്നു. ഇതിനൈതിരെയാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒരു ബംഗാളി ചാനലിനോട് സംസാരിക്കവെയാണ് ‘ഗാന്ധി, ഗോഡ്സെ ഇവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ തനിക്ക് കഴിയില്ല എന്ന് ഗംഗോപാധ്യായ പറഞ്ഞത്. ഗോഡ്സെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ന്യായം പരിശോധിക്കാന്‍ താന്‍ നിര്‍ബന്ധിതനാണെന്നും പറഞ്ഞു.

‘വക്കീല്‍ തൊഴിലില്‍ നിന്നുള്ള ഒരാളെന്ന നിലയില്‍, കഥയുടെ മറുവശം മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കണം. ഗോഡ്‌സെയുടെ രചനകള്‍ വായിക്കുകയും മഹാത്മാഗാന്ധിയെ കൊല്ലാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് മനസിലാക്കുകയും വേണം.’

‘അതുവരെ എനിക്ക് ഗാന്ധി, ഗോഡ്സെ എന്നിവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ കഴിയില്ല,’ ഗംഗോപാധ്യായ പറഞ്ഞു.

‘ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ രാജിവച്ച ഒരു മുന്‍ ഹൈക്കോടതി ജഡ്ജിക്ക് പ്രധാനമന്ത്രിയുടെ അനുഗ്രഹം ലഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ അയാള്‍, ഗാന്ധിയെയും ഗോഡ്സെയെയും തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ പറയുന്നത് ദയനീയമാണ്.

‘ഇത് തികച്ചും അസ്വീകാര്യമാണ്, മഹാത്മയുടെ പൈതൃകം ഏറ്റെടുക്കാന്‍ ശ്രമിക്കാത്തവര്‍ ഗംഗോപാധ്യായയുടെ സ്ഥാനാര്‍ത്ഥിത്വം ഉടന്‍ പിന്‍വലിക്കണം,’ ഗംഗോപാധ്യായയുടെ പരാമര്‍ശത്തെക്കുറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് തിങ്കളാഴ്ച എക്സില്‍ കുറിച്ചു.

പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഞായറാഴ്ച പ്രഖ്യാപിച്ച 19 സ്ഥാനാര്‍ത്ഥികളില്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ഗംഗോപാധ്യായയും ഉള്‍പ്പെട്ടിരുന്നു.

Content Highlight: Congress demands to withdraw the candidature of Abhijith Gangopadhyaya for supporting Godse