ന്യൂദല്‍ഹി: എല്ലാ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപ ഉടന്‍ തന്നെ നിക്ഷേപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂടിയാലോചനാ സമിതി യോഗത്തിന് ശേഷമാണ് പാര്‍ട്ടി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
‘ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കും. കേന്ദ്രസര്‍ക്കാരിന് ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുമില്ല. അതുകൊണ്ട് തന്നെ പണം ഉടന്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം’, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേഷ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് പ്രതിസന്ധികള്‍ നേരിടുന്നതില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉറപ്പ് നല്‍കിയിരുന്നെന്ന് ജയറാം രമേഷ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.