| Sunday, 11th August 2024, 7:13 pm

സെബി മേധാവിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ്. മാധബി ബുച്ചിനെതിരേയും ഭര്‍ത്താവ് ധവല്‍ ബുച്ചിനെതിരെയും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി(ജെ.പി.സി) അന്വേഷണം നടത്തമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സില്‍ പങ്ക് വെച്ച പോസ്റ്റില്‍ 2023 ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരമുള്ള കേസില്‍ അദാനിയെ കുറ്റവിമുക്തമാക്കിയത് സെബിയുടെ ഇടപെടല്‍ മൂലമാണെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ വാദം ശെരിവെക്കുന്നുണ്ട്.

കൂടാതെ അദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ആളാണെന്നും ഇവരെയൊക്കെ സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെപ്പോലും ബലികഴിക്കുമെന്നും ഖാര്‍ഗെ ആരോപിക്കുന്നുണ്ട്.

അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും ഓഹരി ഉണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍.

2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആദ്യമായി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. മൗറീഷ്യസ്, യു.ഏ.ഇ, കരീബിയന്‍ രാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു കൂട്ടം ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചു എന്നായിരുന്നു ഹിന്‍ഡന്‍ഡബര്‍ഗിന്റെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് വലിയ മൂല്യതകര്‍ച്ച നേരിട്ടിരുന്നു.

തുടര്‍ന്ന് അദാനി ഗ്രൂപ്പിനെതിരെ പ്രത്യേക അന്വേഷണ സംഘ(എസ്.ഐ.ടി)ത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കമുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തളളുകയായിരുന്നു. ഈ വിഷയത്തില്‍ നടക്കുന്ന സെബി അന്വേഷണം തൃപ്തികരമായിരുന്നെന്നാണ് അന്ന് സുപ്രീം കോടതി പറഞ്ഞത്.

എന്നാല്‍ ഒടുവില്‍ പുറത്ത് വന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം അദാനി കമ്പനികളുമായി സെബി മേധാവിയുടെ ബന്ധം അന്വേഷണത്തെ വഴിതെറ്റിച്ചു എന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കേവലം വ്യക്തിഹത്യ ലക്ഷ്യമിട്ട് സൃഷ്ടിച്ചതാണെന്നും പറഞ്ഞ് മാധബി ബുച്ചും ഭര്‍ത്താവും രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Congress demands JPC investigation in Hindenburg Report

We use cookies to give you the best possible experience. Learn more