| Wednesday, 20th July 2022, 5:14 pm

കങ്കണ ബി.ജെ.പി ഏജന്റ്, റിലീസിന് മുമ്പ് എമര്‍ജെന്‍സി കാണിക്കണമെന്ന് കോണ്‍ഗ്രസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പുതിയ ചിത്രം എമര്‍ജെന്‍സിക്കെതിരെ കോണ്‍ഗ്രസ്. ഇന്ത്യയുടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഭരണകാലത്തെ അടിയന്തരാവസ്ഥ കാലം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മിക്കുന്നതും.

ഇന്ദിര ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കങ്കണ സിനിമ നിര്‍മിക്കുന്നതെന്നും റിലീസിന് മുമ്പ് സിനിമ കാണിക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് വൈസ് പ്രസിഡന്റ് സംഗീത ശര്‍മ കങ്കണയെ ബി.ജി.പി ഏജന്റ് എന്നാണ് വിശേഷിപ്പിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണകക്ഷിയുടെ പക്ഷം ചേര്‍ന്ന് ഇന്ദിരയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കങ്കണ നടത്തുന്നതെന്നും സംഗീത പറഞ്ഞു.

കോണ്‍ഗ്രസിന് മറുപടിയുമായി ബി.ജെ.പി വക്താവ് രാജ്പാല്‍ സിങ് സിസോദിയയും രംഗത്തു വന്നു. അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെന്നും അതിലെ നായിക ഇന്ദിര ആയിരുന്നുവെന്നും സിസോദിയ പറഞ്ഞു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും ഷൂട്ടിങ് തുടങ്ങിയ വിവരവും കങ്കണ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.

2023ലാകും ചിത്രം റിലീസ് ചെയ്യുക. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ റീനു പിട്ടിയും കങ്കണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

എമര്‍ജന്‍സി ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു. മണികര്‍ണികക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജന്‍സി.

Content Highlight: Congress demanding to see emergency movie starring kankana ranaut before its release

We use cookies to give you the best possible experience. Learn more